Site icon saudibusinesstimes.com

എയർ ടാക്സ് നിർമാണ കയറ്റുമതി സൌദി

എയര്‍ ടാക്‌സി നിര്‍മാണ, കയറ്റുമതി മേഖലയില്‍ സൗദി അറേബ്യ പ്രവേശിക്കുന്നു

റിയാദ്. വ്യക്തിഗത ഉപയോഗത്തിനുള്ള ചെറിയ ഇലക്ട്രിക് വിമാനങ്ങള്‍ (എയര്‍ ടാക്‌സി) നിര്‍മിക്കുകയും വിദേശങ്ങളിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്ന മേഖലയില്‍ സൗദി അറേബ്യ പ്രവേശിക്കുന്നു. ലംബമായി പറന്നുയരുകയും ഇറങ്ങുകയും ചെയ്യുന്ന ചെറിയ, വ്യക്തിഗത ഉപയോഗ വിമാനങ്ങള്‍ സൗദി കമ്പനിയുമായി സഹകരിച്ച് സൗദിയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതായി ഡൊറോണി എയ്റോസ്പേസ് കമ്പനി അറിയിച്ചു. ഹോം ഗാരേജിനുള്ളില്‍ സൂക്ഷിക്കാന്‍ കഴിയുന്ന രണ്ട് സീറ്റുകളുള്ള വിമാനം വികസിപ്പിക്കുന്നത് ത്വരിതപ്പെടുത്താനായി സൗദി അറേബ്യന്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് കമ്പനിയില്‍ നിന്ന് മൂന്നു കോടി ഡോളറിന്റെ നിക്ഷേപം ലഭിച്ചതായി അമേരിക്കയിലെ ഫ്‌ളോറിഡയിലെ പോമ്പാനോ ബീച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡൊറോണി എയ്റോസ്പേസ് കമ്പനി അറിയിച്ചു.

2026 അവസാനത്തോടെ വിമാനം തയാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൊറോണി കമ്പനി പറയുന്നു. 2027 ഓടെ എച്ച് 1-എക്‌സ് ഇനത്തില്‍ പെട്ട ഇലക്ട്രിക് വിമാനത്തിന്റെ ഉല്‍പാദനം ആരംഭിക്കാനായി ഇരുപക്ഷവും സംയുക്ത പദ്ധതി തുടങ്ങുമെന്ന് സൗദി കമ്പനിയുമായുള്ള കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. സൗദി എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് കമ്പനി വിമാനം നിര്‍മിച്ച് ലോക രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്ന് കരാര്‍ വ്യവസ്ഥ ചെയ്യുന്നു.

ആഗോള വിപണികളിലേക്ക് വിമാനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സംയുക്ത സംരംഭം നല്‍കുമെന്ന് ഡൊറോണി കമ്പനി സ്ഥാപകനും സി.ഇ.ഒയുമായ ഡൊറോണ്‍ മെര്‍ഡിംഗര്‍ പറഞ്ഞു. വ്യോമഗതാഗത ഉപകരണങ്ങള്‍ അടക്കമുള്ള നൂതന ഗതാഗത സാങ്കേതികവിദ്യകള്‍ പ്രാദേശികവല്‍ക്കരിക്കാന്‍ കഴിയുന്ന മികച്ച പരിചയസമ്പത്തുള്ള പങ്കാളിയെ സൗദി പങ്കാളികള്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഡൊറോണി കമ്പനി മാര്‍ക്കറ്റിംഗ്, ഇന്‍വെസ്റ്റ്‌മെന്റ് റിലേഷന്‍സ് ഡയറക്ടര്‍ ആബെ ഡാറ്റ്‌സ് ബിസിനസ് ജേര്‍ണലിനോട് പറഞ്ഞു.

ഇരു കമ്പനികളും ഒപ്പുവെച്ച നിക്ഷേപ കരാറിന്റെ ഭാഗമായി സൗദി എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് കമ്പനി സി.ഇ.ഒ ഇസ്മായില്‍ കഷ്‌കാഷ് ഡൊറോണി കമ്പനി ഡയറക്ടര്‍ ബോര്‍ഡില്‍ ചേര്‍ന്നതായി അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡ ആസ്ഥാനമായുള്ള ഡൊറോണി കമ്പനി അറിയിച്ചു. എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കാതെ സൗദി സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാന്‍ ലക്ഷ്യമിടുന്ന വിഷന്‍ 2030 പദ്ധതികളുടെ ഭാഗമായി സൗദി അറേബ്യ നൂതന ഗതാഗത സാങ്കേതികവിദ്യളില്‍ നിക്ഷേപങ്ങള്‍ നടത്തുന്നുണ്ട്.

Exit mobile version