Site icon saudibusinesstimes.com

കംപ്യൂട്ടര്‍ നിര്‍മാണ മേഖലയില്‍ലോക ശക്തിയാകാന്‍ സൗദി അറേബ്യ

റിയാദ്. ചൈനീസ് നിര്‍മിത ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ പുതിയ ചുങ്കം ഒഴിവാക്കാന്‍ ലെനോവോ, എച്ച്.പി, ഡെല്‍ എന്നിവ അടക്കമുള്ള പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതാക്കള്‍ സൗദിയില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ പുതിയ ഫാക്ടറികള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് യാഥാര്‍ഥ്യമായാല്‍ കംപ്യൂട്ടര്‍ നിര്‍മാണ മേഖലയില്‍ വൈകാതെ ലോകശക്തിയായി സൗദി അറേബ്യ മാറും. സൗദിയില്‍ കംപ്യൂട്ടര്‍ ഫാക്ടറി സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് ലെനോവോ നേതൃത്വം നല്‍കുമെന്ന് സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കുള്ള ടെക്റഡാര്‍, ടെക്സ്പോട്ട് വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി സോവറീന്‍ വെല്‍ത്ത് ഫണ്ടിന്റെ (പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്) അനുബന്ധ സ്ഥാപനത്തില്‍ നിന്ന് 200 കോടി ഡോളറിന്റെ പിന്തുണ ലഭിച്ചതോടെ റിയാദില്‍ കംപ്യൂട്ടര്‍, സെര്‍വര്‍ ഫാക്ടറി സ്ഥാപിക്കാനുള്ള കരാറില്‍ 2025 ജനുവരിയില്‍ ലെനോവോ ഒപ്പുവെച്ചിരുന്നു.

ഹോങ്കോംഗ് ആസ്ഥാനമായ കമ്പനി മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക ശാഖ സൗദി അറേബ്യയില്‍ തുറക്കാന്‍ പദ്ധതിയിടുന്നു. എച്ച്.പിയും ഡെല്ലും തങ്ങളുടെ ഫാക്ടറികള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താനായി സൗദിയിലേക്ക് ടീമുകളെ അയച്ചിട്ടുണ്ടെന്ന് ഡിജിടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കംപ്യൂട്ടര്‍ നിര്‍മാതാക്കള്‍ സൗദി അറേബ്യയില്‍ അതുല്യമായ ബിസിനസ് അവസരം കാണുന്നു. സൗദി കയറ്റുമതിക്ക് അമേരിക്കയുടെ പുതിയ ചുങ്കം പത്തു ശതമാനം കവിയില്ല. എന്നാല്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക 245 ശതമാനം താരിഫുകള്‍ ചുമത്തിയിട്ടുണ്ട്. സൗദി അറേബ്യയില്‍ കംപ്യൂട്ടര്‍ ഫാക്ടറികള്‍ സ്ഥാപിക്കുന്നത് ഡെല്‍, ലെനോവോ, എച്ച്.പി എന്നിവക്ക് മിഡില്‍ ഈസ്റ്റ്, ഉത്തര ആഫ്രിക്ക വിപണികളിലേക്ക് അഭൂതപൂര്‍വമായ പ്രവേശനം നല്‍കും.

2024 ല്‍ ലെനോവോ അമേരിക്കയിലേക്ക് 11,872 കംപ്യൂട്ടറുള്‍ കയറ്റുമതി ചെയ്തു. അമേരിക്കയിലേക്കുള്ള മൂന്നാമത്തെ വലിയ കംപ്യൂട്ടര്‍ കയറ്റുമതിക്കാരായി ലെനോവോ മാറി. യു.എസ് കമ്പ്യൂട്ടര്‍ വിപണിയില്‍ 17.2 ശതമാനം വിഹിതമാണ് ലെനോവോക്കുള്ളത്. 22.8 ശതമാനം വിപണി വിഹിതവുമായി ഡെല്‍ രണ്ടാം സ്ഥാനത്തും 25.3 ശതമാനം വിപണി വിഹിതവുമായി എച്ച്.പി ഒന്നാം സ്ഥാനത്തുമാണ്.

ഡെല്ലിന്റെയും എച്ച്.പിയുടെയും വ്യവസായങ്ങള്‍ക്കുള്ള കേന്ദ്രമായി സൗദി അറേബ്യയെ സ്ഥാപിക്കാനുള്ള ശ്രമങ്ങളെ സൗദി സോവറീന്‍ വെല്‍ത്ത് ഫണ്ട് പിന്തുണക്കുമെന്ന് ടെക്സ്പോട്ട് പ്രതീക്ഷിക്കുന്നു. ഫോക്സ്‌കോണ്‍, ക്വാണ്ട്ര, കോമ്പല്‍, ഇന്‍വെന്റക് എന്നിവയുള്‍പ്പെടെയുള്ള മറ്റു പ്രമുഖ സാങ്കേതിക കമ്പനികളെയും സൗദിയിലെ വിപണി അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സൗദി അധികൃതര്‍ ക്ഷണിച്ചിട്ടുണ്ട്. ഫാക്ടറികള്‍ സ്ഥാപിക്കാനുള്ള മുഴുവന്‍ ചെലവുകളും വഹിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രോത്സാഹനങ്ങള്‍ ഈ പ്രധാന സാങ്കേതിക കമ്പനികള്‍ക്കുള്ള സൗദി വാഗ്ദാനത്തില്‍ ഉള്‍പ്പെടുന്നതായി ടെക്സ്പോട്ട് റിപ്പോര്‍ട്ട് പറഞ്ഞു.

Exit mobile version