റിയാദ്. സൗദി അറേബ്യയിലെ ഏറ്റവും പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയറിന് വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ നടത്താനുള്ള എയർ ഓപറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ചു. പ്രവര്‍ത്താനാനുമതി ലഭിക്കുന്നതിനുള്ള പരീക്ഷണ പറക്കലുകള്‍ അടക്കം സുരക്ഷ, പ്രവര്‍ത്തന ഗുണമേന്മ ചട്ടങ്ങള്‍ തുടങ്ങി എല്ലാ മാനദണ്ഡങ്ങളും വിജയകരമായി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ കമ്പനിക്ക് സര്‍വീസ് അനുമതി നല്‍കിയത്. സൗദിയിലുടനീളം ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ ഇനി കമ്പനിക്ക് നടത്താം.
റിയാദ് എയര്‍ വിമാനങ്ങളില്‍ കാറ്ററിംഗ് സേവനങ്ങള്‍ക്കായി കരാര്‍ ഒപ്പിട്ടതായി റിയാദ് എയര്‍ അറിയിച്ചു. 230 കോടി റിയാലിന്റെ അഞ്ചു വര്‍ഷ കരാറാണ് ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്‌ടോബറില്‍ 60 എയര്‍ബസ് എ321 നിയോ വിമാനങ്ങള്‍ വാങ്ങാനുള്ള ഓർഡർ നൽകിയിരുന്നു. 50 വൈഡ് ബോഡി വിമാനങ്ങള്‍ വാങ്ങുന്നതിന് ബോയിംഗ്, എയര്‍ബസ് എന്നീ കമ്പനികളുമായി റിയാദ് എയര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുണ്ട്. 2030ഓടെ നൂറിലേറെ വിദേശ നഗരങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് റിയാര്‍ എയറിന്റെ പദ്ധതി. വ്യോമയാന രംഗത്ത് നേരിട്ടും അല്ലാതേയും രണ്ട് ലക്ഷത്തിലേറെ തൊഴിലവസരങ്ങള്‍ കമ്പനി സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.