റിയാദ്. സൗദി അറേബ്യയുടെ ദേശീയ ടെലികോം കമ്പനിയായ എസ്ടിസി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും മികച്ച തൊഴിലിടമെന്ന് ലിങ്കിഡിന്‍ (LinkedIn Top Companies 2025) റിപ്പോര്‍ട്ട്. ഏറ്റവും വലിയ എണ്ണക്കമ്പനിയായ അറാംകോയാണ് രണ്ടാം സ്ഥാനത്ത്. മുന്‍നിര ബിസിനസ് കണ്‍ല്‍ട്ടന്‍സിയായ ഇ.വൈ ആണ് മൂന്നാം സ്ഥാനത്ത്. ജീവനക്കാരുടെ കരിയര്‍ വളര്‍ച്ചയെ സഹായിക്കുന്ന എട്ട് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രൊഫഷനല്‍ നെറ്റ്‌വര്‍ക്കിങ് പ്ലാറ്റ്‌ഫോം ആയ LinkedIn മികച്ച തൊഴിലിട റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. പ്രൊമോഷന്‍ സാധ്യത, നൈപുണ്യ വളര്‍ച്ച, കമ്പനിയുടെ സ്ഥിരത, പുറത്തെ അവസരങ്ങള്‍, കമ്പനിയുമായുള്ള പൊരുത്തം, ലിംഗ വൈവിധ്യം, വിദ്യാഭ്യാസ പശ്ചാത്തലം, രാജ്യത്തെ ജീവനക്കാരുടെ സാന്നിധ്യം എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.
യുഎഇയില്‍ ഏറ്റവും മികച്ച തൊഴിലിടം മുന്‍നിര കണ്‍സല്‍ട്ടന്‍സിയായ ബോസ്റ്റന്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് (ബിസിജി) ആണ്. എമിറേറ്റ്‌സ് വിമാന കമ്പനിയാണ് രണ്ടാം സ്ഥാനത്ത്. മറ്റൊരു രാജ്യന്തര കണ്‍ല്‍ട്ടന്‍സിയായ മക്കിന്‍സി ആന്റ് കമ്പനിയാണ് മൂന്നാം സ്ഥാനത്ത്.
പട്ടികയില്‍ മുന്നിലെത്തിയ കമ്പനികളില്‍ മൂന്നിലൊന്നും വന്‍കിട കമ്പനികളോ ടെക്ക് കമ്പനികളോ ആണ്. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍രംഗത്ത് ജീവനക്കാരെ ദീര്‍ഘകാലത്തേക്ക് മികച്ചതും സുരക്ഷിതവുമായ കരിയര്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന കമ്പനികളാണ് ഈ പട്ടികയില്‍ മുന്നിലെത്തിയവ എല്ലാം. ഈ വര്‍ഷത്തെ പട്ടികയില്‍ സൗദിയിലേയും യുഎഇയിലേയും കമ്പനികളുടെ വൈവിധ്യവും ശ്രദ്ധേയമാണ്. ടെക്‌നോളജി, ഫിനാന്‍സ്, റീട്ടെയില്‍, എനര്‍ജി തുടങ്ങി 14 വ്യത്യസ്ത ബിസിനസ്, വ്യവസായ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് പട്ടികയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനങ്ങളിലെത്തിയത്. ഇത് മേഖലയിലെ ലഭ്യമായ അവസരങ്ങളുടെ വ്യാപ്തിയാണ് കാണിക്കുന്നതെന്ന് ലിങ്കിഡിന്‍ എഡിറ്റര്‍ നബില റഹാല്‍ പറഞ്ഞു.