റിയാദ്. 2034ലെ ഫിഫ ലോകകപ്പ് ആതിഥേയ രാജ്യമായി സൗദി അറേബ്യയെ തിരഞ്ഞെടുത്തതിനു ശേഷം മാത്രം രാജ്യത്ത് ടൂറിസം ലൈസന്‍സ് അപേക്ഷകളില്‍ അഭൂതപൂര്‍വ്വമായ വര്‍ധന ഉണ്ടായതായി ടൂറിസം സഹമന്ത്രി പ്രിന്‍സസ് ഹൈഫ ബിന്‍ത് മുഹമ്മദ് അല്‍ സൗദ് പറഞ്ഞു. പുതിയ അപേക്ഷകരില്‍ 390 ശതമാനമാണ് വര്‍ധന. സൗദിയില്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് താല്‍പര്യം വര്‍ധിച്ചുവരുന്നതായാണ് ഇതു സൂചിപ്പിക്കുന്നതെന്നും സാമ്പത്തക വളര്‍ച്ചയ്ക്ക് ഇത് സഹായകമാകുമെന്നും റിയാദില്‍ നടന്ന സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ അവര്‍ പറഞ്ഞു.
വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി കായിക രംഗത്തെ അടിസ്ഥാനസൗകര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ പുരോഗമിക്കുന്നതോടൊപ്പമാണ് ടൂറിസം മേഖലയുടേയും വളര്‍ച്ച. സാമ്പത്തിക വളര്‍ച്ചയില്‍ സ്‌പോര്‍ട്്‌സ ടൂറിസത്തിനും പ്രധാന പങ്കുണ്ട്. ആഗോള ടൂറിസം ചെലവിന്റെ 10 ശതമാനവും സ്‌പോര്‍ട്‌സ് ടൂറിസം രംഗത്താണ്. ഈ ദശാബ്ദം അവസാനിക്കുന്നതോടെ ഇത് 17.5 ശമതാനമായി ഉയരുമെന്നാണ് പ്രവചനം.
സ്‌പോര്‍ട്‌സ് ടൂറിസത്തിന് പരിധികളില്ല. സ്‌പോര്‍ട്‌സ് പരിപാടികളില്‍ പങ്കെടുക്കാനായി മാത്രം എത്തിയ ടൂറിസ്റ്റുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 1.4 കോടി ആയി ഉയര്‍ന്നു. ഇവര്‍ ചെലവിട്ടത് 2,200 കോടി റിയാലാണ്. 2018ൽ 70 രാജ്യക്കാരാണ് കായിക പരിപാടികളിൽ പങ്കെടുക്കാൻ സൗദിയിലെത്തിയത്. വലിയ വികസനങ്ങളുടെ ഫലമായി ഇന്ന് ഇത് 160 രാജ്യങ്ങളിൽ നിന്നുള്ളവർ സൗദിയിലെത്തുന്നതായും മന്ത്രി പറഞ്ഞു.
2034 ഫിഫ ലോകകപ്പ് ഫുട്ബോൾ മാമാങ്കം സൗദിയുടെ സാമ്പത്തിക വളർച്ചയ്ക്ക് 900 കോടി ഡോളർ മുതൽ 1,400 കോടി ഡോളർ വരെ സംഭാവന ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഇതോടൊപ്പം 15 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. 2.30 ലക്ഷം ഹോട്ടൽ മുറികളും വിവിധ നഗരങ്ങളിൽ പുതുതായി നിർമ്മിക്കപ്പെടും.