saudibusinesstimes.com

2026 മുതൽ ലോക സാമ്പത്തിക ഫോറം ആഗോള യോഗത്തിന് റിയാദ് സ്ഥിരം വേദിയാകും

റിയാദ്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് അടുത്ത വർഷം മുതൽ ലോക സാമ്പത്തിക ഫോറം (World Economic Forum) ഉച്ചകോടിയുടെ ഭാഗമായ ഉന്നതതല ആഗോള യോഗത്തിന് സ്ഥിരം വേദിയാകും. 2026 മാർച്ച്-ഏപ്രിൽ മാസങ്ങളിലൊന്നിലായിരിക്കും ആദ്യ യോഗം നടക്കുക. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന 55ാമത് ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച്ചയാണ് സൗദി സാമ്പത്തിക-ആസൂത്രണ മന്ത്രി ഫൈസൽ അൽ ഇബ്രാഹിമും WEF പ്രസിഡന്റ് ബോർഗ് ബ്രെൻദദെയും ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

world economic forum

റിയാദിൽ നടക്കാനിരിക്കുന്ന ഈ ആഗോള യോഗം പൊതു-സ്വകാര്യ മേഖലകളിൽ നിന്നും അക്കാഡമിക് സമൂഹം, രാജ്യാന്തര സംഘടനകൾ തുടങ്ങി വിവിധ തുറകളിൽ നിന്നുള്ള ലോക നേതാക്കൾ, വിദഗ്ധർ എന്നിവരുടെ സംഗമ വേദിയാകും. ലോകം നേരിടുന്ന വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു പ്രധാന പ്ലാറ്റ്ഫോം ആയും റിയാദിലെ ഐഎംഎഫ് യോഗം മാറും. റിയാദ് ലോക സാമ്പത്തിക ഫോറത്തിന്റെ ആഗോള യോഗത്തിന് പതിവു വേദിയാകുന്നു എന്നത് സൗദി ഒരു ആഗോള സംവാദ-സഹകരണ-നൂതനാശയങ്ങളുടെ പ്ലാറ്റ്ഫോമായി മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണെന്ന് മന്ത്രി ഫൈസൽ അൽ ഇബ്രാഹിം പറഞ്ഞു. ലോകത്തെ ഒന്നിപ്പിക്കാനും ഭാവിയിലെ വലിയ സാധ്യതകൾ പ്രയോജനപ്പെടുത്താനും വലിയ അവസരമാണിതെന്ന് മന്ത്രി പറഞ്ഞു.

2024 ഏപ്രിലിൽ ലോക സാമ്പത്തിക ഫോറത്തിന്റെ പ്രത്യേക യോഗത്തിന് റിയാദ് വേദിയായിരുന്നു. ഈ സംഘാടനത്തിന്റെ വിജയമാണ് റിയാദിനെ ഒരു സ്ഥിരം വേദിയായി പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ചത്. വികസിത-വികസ്വര സമ്പദ് വ്യവസ്ഥകൾ തമ്മിലുള്ള ആഗോള സംവാദങ്ങൾ പ്രോത്സാഹിപ്പിക്കാനും എല്ലാവരേയും ഉൾക്കൊള്ളുന്ന ആഗോള വളർച്ചയെ നയിക്കാനുമുള്ള സൗദിയുടെ പ്രതിജ്ഞാബദ്ധതയും ഈ ആഗോള യോഗത്തിന് റിയാദിനെ മികച്ച വേദിയാക്കുന്നു.  

Exit mobile version