Site icon saudibusinesstimes.com

3.34 ലക്ഷം സൗദികള്‍ക്ക് എ ഐ സാങ്കേതിവിദ്യയില്‍ സൗജന്യ പരിശീലനം നൽകി

samai saudi arabia AI training project

റിയാദ്. ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന എ ഐ സാങ്കേതികവിദ്യ കൂടുതല്‍ ജനകീയമാക്കുന്നതിന് സൗദി പൗരന്മാര്‍ക്കായി കഴിഞ്ഞ വർഷം തുടക്കമിട്ട നിർമിത ബുദ്ധി പരിശീലന പദ്ധതിയിൽ ഇതുവരെ 3.34 ലക്ഷം പേർക്ക് പരീശീലനം നൽകി. സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേർന്ന് 10 ലക്ഷം സൗദികള്‍ക്ക് എ.ഐ സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കാൻ ലക്ഷ്യമിടുന്ന പദ്ധതിയാണിത്.

ഏത് പ്രായത്തിലുള്ളവർക്കും വണ്‍ മില്യണ്‍ സൗദീസ് ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (സമായ്) പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. എ.ഐ സാങ്കേതികവിദ്യയില്‍ പ്രാവീണ്യം നേടുന്നതിന് ഏതു പ്രായത്തിലുള്ളവർക്കും പ്രത്യേക പരിശീലനം നൽകും. ലോകത്തെവിടെ നിന്നും എളുപ്പത്തിൽ ഈ പരിശീലനത്തിൽ പങ്കെടുക്കാം. ഉയർന്ന ഗുണനിലവാരത്തിൽ വിദൂരപഠന രീതിയിലാണ് പരിശീലനം. അറബി മാധ്യമത്തിലുള്ള ഈ പരിശീലനം തീര്‍ത്തും സൗജന്യമാണ്. സ്ത്രീപുരുഷ, പ്രായ വ്യത്യാസങ്ങളില്ലാതെ എല്ലാ പൗരന്മാര്‍ക്കും പദ്ധതി പ്രയോജനപ്പെടുത്താന്‍ സാധിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവർക്ക് സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഭാവി തലമുറയെ ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ നൈപുണ്യമുള്ളവരാക്കുന്നതിന് സൗദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയം, കമ്മ്യൂണിക്കേഷന്‍സ്-ഐ.ടി മന്ത്രാലയം, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി എന്നിവയുമായി സഹകരിച്ച് 2025-2026 അധ്യയന വര്‍ഷം മുതല്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ എല്ലാ തലങ്ങളിലും എ.ഐ പാഠ്യപദ്ധതി നടപ്പാക്കുമെന്ന് നാഷനല്‍ കരിക്കുലം സെന്റര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ പരിശീലന പദ്ധതിയും ഇതിന് അനുബന്ധമാണ്. ആഗോള മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ വിഷന്‍ 2030 ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

Exit mobile version