Site icon saudibusinesstimes.com

സൗദി അറാംകൊയുടെ അർദ്ധവാർഷിക ലാഭത്തിൽ 13.6 ശതമാനം ഇടിവ്

saudi aramco 2025 q2 net profit

റിയാദ്. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ ലാഭം ഈ വര്‍ഷം ആദ്യ പകുതിയില്‍ 13.6 ശതമാനം കുറഞ്ഞ് 182.6 ബില്യൻ റിയാലായി. കഴിഞ്ഞ വർഷം ഇതേ കാലയളവില്‍ 211.3 ബില്യൻ റിയാല്‍ ആയിരുന്നു കമ്പനിയുടെ ലാഭം. അസംസ്‌കൃത എണ്ണയുടെയും ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പന്നങ്ങളുടെയും രാസവസ്തുക്കളുടെയും വിലയിലുണ്ടായ കുറവാണ് വരുമാനത്തില്‍ ഉണ്ടായ ഇടിവിന് കാരണം. വില്‍പന നടത്തിയ എണ്ണയുല്‍പന്നങ്ങളുടെയും രാസവസ്തുക്കളുടെയും ക്രൂഡ് ഓയിലിന്റെയും അളവില്‍ ഭാഗിക വര്‍ധന രേഖപ്പെടുത്തി.

ഈ വര്‍ഷം രണ്ടാം പാദത്തില്‍, അറാംകൊയുടെ ലാഭം 85 ബില്യണ്‍ റിയാല്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് 22 ശതമാനമാണ് ലാഭം ഇടിഞ്ഞത്. ഈ വര്‍ഷം ആദ്യ പാദത്തില്‍ ലാഭം 97.5 ബില്യണ്‍ റിയാലായിരുന്നു. ഇത് 13 ശതമാനം കുറഞ്ഞു. രണ്ടാം പാദത്തില്‍ വരുമാനം 379 ബില്യണ്‍ റിയാലായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 425 ബില്യണ്‍ റിയാല്‍ വരുമാനം നേടിയിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ വരുമാനം 11 ശതമാനം തോതില്‍ കുറഞ്ഞു. ഈ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് രണ്ടാം പാദത്തില്‍ വരുമാനം 6.6 ശതമാനം തോതില്‍ കുറഞ്ഞു. ആദ്യ പാദത്തില്‍ വരുമാനം 406 ബില്യണ്‍ റിയാലായിരുന്നു.

രണ്ടാം പാദത്തെ ലാഭവിഹിതമായി 80.11 ബില്യണ്‍ റിയാല്‍ വിതരണം ചെയ്യുമെന്ന് അറാംകൊ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. അടിസ്ഥാന ലാഭവിഹിതമായി 79.3 ബില്യണ്‍ റിയാലും പ്രകടനവുമായി ബന്ധപ്പെട്ട് 0.82 ബില്യണ്‍ റിയാലുമാണ് വിതരണം ചെയ്യുക. ഓഹരിയൊന്നിന് 0.33 ഹലലയാണ് രണ്ടാം പാദത്തില്‍ ലാഭവിഹിതമായി വിതരണം ചെയ്യുന്നത്. വിതരണം ഓഗസ്റ്റ് 28ന് പൂര്‍ത്തിയാകും.

2025 ആദ്യ പകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയില്‍ എണ്ണ ആവശ്യകതയില്‍ പ്രതിദിനം 20 ലക്ഷം ബാരലിലേറെ വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി അറാംകൊ പ്രസിഡന്റും സി.ഇ.ഒയുമായ എന്‍ജിനീയര്‍ അമീന്‍ നാസിര്‍ പറഞ്ഞു. ദീര്‍ഘകാല വിജയം കൈവരിക്കാനായി ബിസിനസ് വൈവിധ്യവൽക്കരണം, സാങ്കേതിക പുരോഗതി എന്നിവ പ്രയോജനപ്പെടുത്തും. നിർമിത ബുദ്ധിയിൽ ശ്രദ്ധകേന്ദ്രീകരിച്ച് പുതിയ ഊര്‍ജ സ്രോതസ്സുകള്‍, ഡിജിറ്റല്‍ നവീകരണം എന്നിവയിൽ നിക്ഷേപം നടത്തുന്നത് സൗദി അറാംകൊ തുടരുന്നതായും അദ്ദേഹം പറഞ്ഞു.

Exit mobile version