Site icon saudibusinesstimes.com

സൗദിയില്‍ ഉപയോഗിച്ച സ്വകാര്യ വിമാനങ്ങള്‍ക്ക് ആവശ്യക്കാരേറെ

private jet in saudi arabia

ജിദ്ദ. പുതിയ വിമാനങ്ങള്‍ ലഭിക്കാനുള്ള കാലതാമസം കാരണം സൗദിയില്‍ ഉപയോഗിച്ച സ്വകാര്യ വിമാനങ്ങള്‍ക്ക് ആവശ്യം കൂടുന്നു. ലോകമെമ്പാടും നിന്ന് സൗദിയിലേക്കുള്ള സമ്പന്നരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും ഒഴുക്കും വിമാന നിര്‍മാണ കമ്പനികളില്‍ നിന്ന് പുതിയ വിമാനങ്ങള്‍ ലഭിക്കാനുള്ള ഗണ്യമായ കാലതാമസവുമാണ് സൗദിയില്‍ ഉപയോഗിച്ച സ്വകാര്യ വിമാന വിപണി സാക്ഷ്യം വഹിക്കുന്ന ശ്രദ്ധേയമായ വളര്‍ച്ചക്ക് കാരണം. സൗദി അറേബ്യയിലെയും, പൊതുവെ ഗള്‍ഫിലെയും ഉപയോക്താക്കള്‍ക്ക് പുതിയ വിമാനങ്ങള്‍ ലഭിക്കാന്‍ രണ്ടു വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്. ചില മോഡലുകള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പ് കാലയളവ് ഏഴു വര്‍ഷം വരെ നീളുന്നു. ആഗോള തലത്തില്‍ പുതിയ വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറുകള്‍ വര്‍ധിച്ചതും സപ്ലൈ ചെയിനിലെ പ്രശ്‌നങ്ങളുമാണ് ഇതിന് കാരണം. ഇത് പുതിയ വിമാനങ്ങളുടെ വിതരണം കുറക്കുകയും ഉപയോഗിച്ച വിമാനങ്ങളിലേക്ക് തിരിയാന്‍ സമ്പന്നരെ പ്രേരിപ്പിക്കുകയും ചെയ്തു.

എയര്‍ബസ് കമ്പനിയുടെ കണക്കനുസരിച്ച് സൗദിയിലും ഗള്‍ഫ് രാജ്യങ്ങളിലും 40 ശതമാനം വാണിജ്യ വിമാനങ്ങള്‍ക്കും കുറഞ്ഞത് 15 വര്‍ഷത്തെ പഴക്കമുണ്ട്. അടുത്ത അഞ്ചു മുതല്‍ പത്തു വര്‍ഷത്തിനുള്ളില്‍ അവ മാറ്റിസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഇതേസമയം, ഉപയോഗിച്ച വിമാനങ്ങളുടെ വില്‍പന ശ്രദ്ധേയമായ നിലക്ക് വര്‍ധിച്ചിട്ടുണ്ട്. ഇത്തരം വിമാനങ്ങള്‍ സാമ്പത്തികമായി കൂടുതല്‍ പ്രായോഗികമാണ്.

ഗള്‍ഫ് മേഖലയില്‍ വലുതും ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിയുന്നതുമായ വിമാനങ്ങള്‍ക്കുള്ള ആവശ്യം ശക്തമാണ്. മേഖലയില്‍ നിന്നുള്ള വിമാന ഓര്‍ഡറുകളില്‍ 25 ശതമാനത്തിലേറെയും ഇത്തരം വിമാനങ്ങള്‍ക്കുള്ളതാണ്. സ്വകാര്യ വിമാനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന എയര്‍ക്രാഫ്റ്റ് മാനേജ്‌മെന്റ് കമ്പനികളുടെ പ്രവര്‍ത്തനവും വര്‍ധിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളില്‍ ഈ വര്‍ഷം ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഏറ്റവും വലിയ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് സ്വകാര്യ ജെറ്റ് വിപണിയുടെ വളര്‍ച്ചക്ക് സഹായിക്കുന്നു.

Exit mobile version