Site icon saudibusinesstimes.com

പ്രതികൂല കാലാവസ്ഥയിലും മത്സ്യകൃഷി രംഗത്ത് സൗദി അറേബ്യയ്ക്ക് മുന്നേറ്റം

saudi arabia fisheries

ജിദ്ദ. വെല്ലുവിളികള്‍ നിറഞ്ഞ മരുഭൂകാലാവസ്ഥയായിട്ടും മത്സ്യകൃഷി രംഗത്ത് സൗദി അറേബ്യ അതിശയിപ്പിക്കുന്ന നേട്ടങ്ങളുമായി കുതിക്കുന്നു. തീരങ്ങളില്ലാത്ത, കരയാല്‍ ചുറ്റപ്പെട്ട സ്ഥലവും പ്രതികൂല കാലാവസ്ഥയും ഉണ്ടായിരുന്നിട്ടും സൗദി തലസ്ഥാനമായ റിയാദിലാണ് രാജ്യത്ത് ഏറ്റവുമധികം മത്സ്യകൃഷി പദ്ധതികളുള്ളത്. അക്വാകള്‍ച്ചര്‍ ഉള്‍പ്പെടെയുള്ള മത്സ്യബന്ധന മേഖല രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നൽകുന്ന സംഭവാവന പ്രതിവര്‍ഷം 220 കോടിയിലേറെ റിയാല്‍ വരും. ഇതിൽ ഏറിയ പങ്കും മത്സ്യകൃഷിയിലൂടെയാണ്. ഏറ്റവും കൂടുതൽ വളർച്ചയും ഈ രംഗത്താണ്. മത്സ്യകൃഷിയിലൂടെയുള്ള ഉല്‍പ്പാദനം മത്സ്യബന്ധനത്തേക്കാള്‍ കൂടുതലാണെന്ന് സൗദി അക്വാകള്‍ച്ചര്‍ സൊസൈറ്റി പറയുന്നു.

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും സമുദ്ര ആവാസ വ്യവസ്ഥയുടെ സുസ്ഥിരത നിലനിര്‍ത്താനും ജല ഉപഭോഗം കുറക്കാനും സഹായിക്കല്‍, പ്രകൃതിവിഭവങ്ങളുടെ മേലുള്ള സമ്മര്‍ദം കുറക്കല്‍ എന്നിവ പോലുള്ള പ്രകടമായ സ്വാധീനം മത്സ്യകൃഷിക്ക് ഉണ്ടെന്ന് സൗദി അക്വാകള്‍ച്ചര്‍ സൊസൈറ്റി സെക്രട്ടറി ജനറല്‍ മാജിദ് അല്‍അസ്‌കര്‍ പറയുന്നു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മത്സ്യകൃഷി പദ്ധതികളുള്ള രണ്ടാമത്തെ ഇടം കിഴക്കന്‍ പ്രവിശ്യയാണ്. മൂന്നാം സ്ഥാനത്ത് അല്‍ഖസീം ആണ്. നാലാം സ്ഥാനത്തുള്ള മക്ക പ്രവിശ്യ സമുദ്ര മത്സ്യകൃഷിയുടെ കാര്യത്തില്‍ വേറിട്ടുനില്‍ക്കുന്നു. രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള മക്കയിലെ ലൈത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ മത്സ്യകൃഷി പദ്ധതിയുള്ളത്. എണ്‍പതുകളുടെ തുടക്കം മുതല്‍, ഏകദേശം 35 വര്‍ഷമായി സൗദി അറേബ്യ മത്സ്യകൃഷിയിൽ കൂടുതലായി ശ്രദ്ധപതിപ്പിച്ചുവരുന്നു.

സൗദിയിൽ ഉൽപ്പാദിപ്പിക്കുന്ന മത്സ്യങ്ങളുടെ ഏറ്റവും വലിയ വിപണി ചൈനയാണ്. മറ്റു ഗള്‍ഫ് രാജ്യങ്ങള്‍, ജപ്പാന്‍, റഷ്യ എന്നിവരാണ് മറ്റു പ്രധാന വിപണികൾ. സൗദിയില്‍ കൃഷി ചെയ്യുന്ന മത്സ്യഇനങ്ങള്‍ നിലവില്‍ 32 ലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്ന് സൗദി അക്വാകള്‍ച്ചര്‍ സൊസൈറ്റി സെക്രട്ടറി ജനറല്‍ മാജിദ് അല്‍അസ്‌കര്‍ പറഞ്ഞു. നിലവില്‍ സൗദിയില്‍ 300 ലേറെ മത്സ്യകൃഷി പദ്ധതികള്‍ക്ക് ലൈസന്‍സുണ്ട്. ഈ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുകയും കയറ്റുമതി മേഖലയില്‍ മിച്ചം കൈവരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക ഉല്‍പ്പാദനം വര്‍ധിപ്പിച്ച് മത്സ്യകൃഷി മേഖല സുസ്ഥിരമാക്കുക എന്നത് സൗദി വിഷന്‍ 2030 പദ്ധതിയുടെ ലക്ഷ്യങ്ങളിലൊന്നാണ്.

Exit mobile version