Site icon saudibusinesstimes.com

ഫ്‌ളൈനാസ് ജിദ്ദ-ജിബൂട്ടി വിമാന സര്‍വീസ് തുടങ്ങി, 5 ആഭ്യന്തര റൂട്ടുകളില്‍ ഫ്‌ളൈഅദീലും

flynas flyadeal

ജിദ്ദ. സൗദി ബജറ്റ് എയര്‍ലൈനായ ഫ്‌ളൈനാസ് ജിദ്ദയില്‍ നിന്നും കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചു. കൂടുതല്‍ രാജ്യങ്ങളെ സൗദിയുമായി ബന്ധിപ്പിക്കുന്നതിനുള്ള കമ്പനിയുടെ വിപുലീകരണ പദ്ധതിയുടെ ഭാഗമായാണ് പുതിയ സര്‍വീസ്. ജിദ്ദയില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് ജിബൂട്ടിയിലേക്ക് ഉണ്ടായിരിക്കുകയെന്ന് ഫ്‌ളൈനാസ് അറിയിച്ചു.

അഞ്ച് ആഭ്യന്തര റൂട്ടുകളില്‍ പുതിയ സര്‍വീസുകളുമായി ഫ്‌ളൈഅദീല്‍

മറ്റൊരു സൗദി ബജറ്റ് എയര്‍ലൈനായ ഫ്‌ളൈഅദീല്‍ ദമ്മാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് പുതിയ അഞ്ച് ആഭ്യന്തര സര്‍വീസുകളും ആരംഭിച്ചു. അടുത്ത മാസം പാക്കിസ്ഥാനിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായുള്ള വലിയ സര്‍വീസ് വിപുലീകരണമാണിത്. ദമ്മാമില്‍ നിന്ന് നജ്‌റാന്‍, തബൂക്ക്, യാംബു എന്നിവിടങ്ങളിലേക്ക് ആഴ്ചയില്‍ 14 സര്‍വീസുകളും ഇതിലുള്‍പ്പെടും.

റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നും ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലേക്ക് ഫ്‌ളൈഅദീല്‍ സര്‍വീസ് ആരംഭച്ചിട്ടുണ്ട്. ആഴ്ചയില്‍ 10 സര്‍വീസുകളാണുള്ളത്. പാക്കിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന കറാച്ചിയിലേക്ക് ജിദ്ദയില്‍ നിന്ന് ആഴ്ചയില്‍ രണ്ടു സര്‍വീസുകള്‍ ഫെബ്രുവരി 2 മുതല്‍ ആരംഭിക്കും.

ബിസിനസ്, വിനോദ യാത്രക്കാരെ ലക്ഷ്യമിട്ട് കൂടുതല്‍ ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധപതിപ്പിക്കുന്നതെന്ന് ഫ്‌ളൈഅദീല്‍ സിഇഒ സ്റ്റീവന്‍ ഗ്രീന്‍വേ പറഞ്ഞു. ഈ വര്‍ഷം കൂടുതല്‍ വിമാനങ്ങള്‍ വാങ്ങുന്നതോടെ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനൊപ്പം പുതിയ റൂട്ടുകളിലേക്കും സര്‍വീസ് ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version