റിയാദ്. ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ ജോലി ചെയ്യുന്ന വിവിധ ദേശക്കാരായ പ്രവാസി തൊഴിലാളികൾ 2023 അവസാനത്തോടെ നാട്ടിലേക്ക് അയച്ചത് 13,150 കോടി ഡോളറെന്ന് ജിസിസി സ്റ്റാറ്റിസ്റ്റിക്കൽ സെന്റർ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകൾ. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിദേശത്തേക്ക് പണമയയ്ക്കൽ നടക്കുന്നത് ജിസിസി രാജ്യങ്ങളിൽ നിന്നാണ്. യു.എസ് ആണ് രണ്ടാം സ്ഥാനത്ത്.
2022ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2023ൽ പണമയയ്ക്കലിൽ ഏകദേശം 50 കോടി ഡോളറിന്റെ കുറവുണ്ട്. 0.4 ശതമാനമാണ് ഈ കുറവ്. 2021, 2022 വർഷങ്ങളിൽ യഥാക്രമം 9.2 ശതമാനവും 3.8 ശതമാനവും വളർച്ച രേഖപ്പെടുത്തിയിരുന്നു.
പ്രവാസി പണമയക്കൽ വിഹിതം നിലവിലെ നിരക്കിൽ ജിസിസിയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 6.2 ശതമാനമാണ്. 2020ൽ ഇത് 8.1 ശതമാനമായിരുന്നു. 2022ൽ ആറ് ശതമാനമായി കുറയുകയും ചെയ്തിരുന്നു.