Site icon saudibusinesstimes.com

യുഎസ് പകരച്ചുങ്കം തിരിച്ചടിയായി; ഗൾഫ് ഓഹരി വിപണികളിൽ വൻ ഇടിവ്

gulf share markets

റിയാദ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് പകരച്ചുങ്കം ഏർപ്പെടുത്തിയത് ആഗോള ഓഹരി വിപണികളിൽ ആഘാതമുണ്ടാക്കിയതിനെ തുടന്ന് ഞായറാഴ്ച ഗൾഫ് ഓഹരി വിപണികളും കനത്ത തകർച്ച നേരിട്ടു. സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (തദാവുൽ) ഓൾ ഷെയർ സൂചിക 805 പോയിന്റ് ഇടിഞ്ഞ് 11,077 പോയിന്റില്‍ ക്ലോസ് ചെയ്തു. 6.8 ശതമാനമാണ് ഇടിഞ്ഞത്. 2023നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസിംഗ് ആണിത്. വിപണി മൂല്യത്തില്‍ 50,000 കോടി റിയാലിന്റെ നഷ്ടമുണ്ടായി. 2008ന് ശേഷമുള്ള ഏറ്റവും വലിയ പോയിന്റ് നഷ്ടമാണ് ഇന്ന് സൂചികയില്‍ ഉണ്ടായത്. ഏകദേശം 8.4 ബില്യണ്‍ റിയാലിന്റെ ഓഹരിയിടപാടുകളാണ് ഇന്ന് വിപണിയില്‍ നടന്നത്. പോയിന്റ് അടിസ്ഥാനത്തില്‍ 2008 ന് ശേഷവും ശതമാന കണക്കില്‍ 2020 മാര്‍ച്ചിന് ശേഷവുമുള്ള ഏറ്റവും വലിയ നഷ്ടമാണിത്.

സൗദി അറാംകോ, അല്‍റാജ്ഹി ബാങ്ക്, അല്‍അഹ്ലി ബാങ്ക് എന്നിവയുടേത് ഉള്‍പ്പെടെ വ്യാപാരം നടന്ന ഓഹരികളില്‍ അഞ്ചു ശതമാനം മുതല്‍ ഏഴു ശതമാനം വരെ വിലയിടിഞ്ഞു. ബി.എസ്.എഫ്, സൊല്യൂഷന്‍സ്, അഖാരിയ, റെഡ് സീ, സാസ്‌കോ, സിനോമി റീട്ടെയില്‍, എം.ബി.സി ഗ്രൂപ്പ്, റിസോഴ്സസ്, അറേബ്യന്‍ സീ, സൗദി പൈപ്പ്സ് എന്നിവയുള്‍പ്പെടെ നിരവധി ഓഹരികളിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത്. അക്വാപവര്‍, അല്‍റിയാദ് ബാങ്ക്, മആദിന്‍, അല്‍ഇന്‍മാ ബാങ്ക്, അല്‍അവ്വല്‍ ബാങ്ക്, ഇത്തിഹാദ് ഇത്തിസലാത്ത്, സുലൈമാന്‍ അല്‍ഹബീബ് എന്നിവയുടെ ഓഹരികള്‍ അഞ്ചു ശതമാനം മുതല്‍ ഒമ്പതു ശതമാനം വരെ ഇടിഞ്ഞു.

വിപണി മൂല്യത്തിൽ 34,000 കോടി റിയാലിനു മുകളിൽ നഷ്ടം നേരിട്ട സൗദി അറാംകോയാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. വ്യാപാരം ആരംഭിച്ചതു മുതൽ കടുത്ത സമ്മര്‍ദത്തിലായ വിപണിയിലെ നഷ്ടത്തിന്റെ സിംഹ ഭാഗവും അറാംകൊയുടെതാണ്. ലിസ്റ്റ് ചെയ്ത ഒരു കമ്പനിയുടെ ഓഹരി മൂല്യം വര്‍ധിച്ചപ്പോള്‍ 252 കമ്പനികളുടെ മൂല്യം കുറഞ്ഞു. സൗദി എക്സ്ചേഞ്ചിന്റെ സമാന്തര ഓഹരി വിപണിയായ നുമൂ സൂചിക 1,992.71 പോയിന്റ് ഇടിഞ്ഞ് 28,648.22 പോയിന്റിലാണ് ക്ലോസ് ചെയ്തത്.

മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ വിപണികളിലേക്കും ഇടിവ് വ്യാപിച്ചു. കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രീമിയര്‍ സൂചിക 5.7 ശതമാനം ഇടിഞ്ഞു. ഇത് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ദൈനംദിന പ്രകടനങ്ങളിലൊന്നായി അടയാളപ്പെടുത്തി. ഖത്തര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പൊതു സൂചികയും 4.25 ശതമാനം ഇടിഞ്ഞു. മസ്‌കത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 2.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബഹ്‌റൈന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഒരു ശതമാനം ഇടിഞ്ഞു. വ്യാപാര യുദ്ധത്തിന്റെ അനന്തരഫലങ്ങളെ കുറിച്ചും വരും കാലയളവില്‍ വിപണികള്‍ കടുത്ത അസ്ഥിരതയുടെ തരംഗത്തിലേക്ക് കടക്കുമെന്നുമുള്ള ആശങ്ക കാരണം മേഖലയിലെ സാമ്പത്തിക വൃത്തങ്ങളില്‍ നിലനില്‍ക്കുന്ന ആഴത്തിലുള്ള ഉത്കണ്ഠയാണ് ഈ കൂട്ടായ നഷ്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്.

Exit mobile version