Site icon saudibusinesstimes.com

വിദ്യാഭ്യാസ രംഗത്ത് 5000 കോടി റിയാലിന്റെ നിക്ഷേപ അവസരങ്ങള്‍; സ്വകാര്യ മേഖലയ്ക്ക് പിന്തുണ

റിയാദ്. സൗദി അറേബ്യയില്‍ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപ അവസരങ്ങളുടെ മൂല്യം 5000 കോടി റിയാല്‍ കവിഞ്ഞതായി വിദ്യാഭ്യാസ മന്ത്രി യൂസഫ് അല്‍ ബുന്‍യാന്‍ പറഞ്ഞു. റിയാദില്‍ എജുക്കേഷന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയുടെ വികസനത്തില്‍ വലിയ പങ്കാണ് സ്വകാര്യ മേഖല വഹിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്കാളിത്തം 17 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. നിക്ഷേപകരുടെ സഹായത്തോടെ ഇത് 25 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനു വഴിയൊരുക്കുന്നതിനായി നിരന്തരം നിക്ഷേപകരുമായി ആശയവിനിമയം നടത്താനും വെല്ലുവിളികള്‍ പരിഹരിക്കാനുമായി മൂന്ന് ഉപദേശക സമിതികളും രൂപീകരിച്ചിട്ടുണ്ട്.

സൗദി വിദ്യാഭ്യാസത്തെ ലോകത്തിലെ ഏറ്റവും മികച്ച 20 വിദ്യാഭ്യാസ സംവിധാനങ്ങളിലൊന്നാക്കുകയാണ് ലക്ഷ്യം. ഇതിനായി സര്‍ക്കാര്‍ വലിയ നിക്ഷേപങ്ങളാണ് നടത്തി വരുന്നത്. പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തം നമ്മുടെ ഭാവി വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിനാണ് മുന്‍ഗണന. നമ്മുടെ മക്കളില്‍ ഗുണപരമായ സ്വാധീനം ചെലുത്തുമെന്നതിനാല്‍ ഗുണനിലവാരം വളരെ പ്രധാനപ്പെട്ടതാണെന്നും ഇതുറപ്പാക്കാന്‍ വിദ്യാഭ്യാസ മേഖലയും വിദ്യാഭ്യാസ മന്ത്രാലയവും ബന്ധപ്പെട്ട അതോറിറ്റിയും തമ്മില്‍ മികച്ച സംയോജനം വേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിലേക്ക് വിദേശ കമ്പനികളെ കൊണ്ടു വരുന്നതിനും നിയമപരമായ പിന്തുണ നല്‍കുന്നതിനും വിദ്യാഭ്യാസ മന്ത്രാലയവും നിക്ഷേപ മന്ത്രാലയവും യോജിച്ചു പ്രവര്‍ത്തിക്കേണ്ടതിനെ കുറിച്ചും ബന്ധപ്പെട്ട സെഷനുകളില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

Exit mobile version