ജിദ്ദ. ഈ വര്‍ഷം ആദ്യ പകുതിയില്‍ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നു പോയ യാത്രക്കാരുടെ എണ്ണം 2.55 കോടി കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത്തവണ 6.8 ശതമാനം വർധന രേഖപ്പെടുത്തി. പ്രവർത്തനത്തിലും ജിദ്ദ എയര്‍പോര്‍ട്ട് ഇക്കാലയളവിൽ റെക്കോര്‍ഡ് സൃഷ്ടിച്ചു.
വിമാന സര്‍വീസുകളുടെ എണ്ണവും വർധിച്ചു. 1.5 ലക്ഷം വിമാന സർവീസുകൾ കവിഞ്ഞു. 6.3 ശതമാനമാണ് വർധന. ആറു മാസത്തിനിടെ എയര്‍പോര്‍ട്ടില്‍ 2.94 കോടി ബാഗേജുകള്‍ കൈകാര്യം ചെയ്തു. ബാഗേജുകളുടെ എണ്ണത്തില്‍ 11.9 ശതമാനമാണ് വർധന. 48 ലക്ഷം ബോട്ടില്‍ സംസം വെള്ളം യാത്രക്കാര്‍ക്ക് വിതരണം ചെയ്തു. വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ യാത്രക്കാരെത്തിയ ദിവസം പ്രവര്‍ത്തന ദിനം ഏപ്രില്‍ അഞ്ച് ആയിരുന്നു. അന്ന് 1.78 ലക്ഷം യാത്രക്കാരെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

മേഖലയിലെ മുന്‍നിര വ്യോമഗതാഗത കേന്ദ്രങ്ങളില്‍ ഒന്നായ ജിദ്ദ വിമാനത്താവളത്തിലെ വികസനങ്ങളാണ് ഈ കണക്കുകള്‍ പ്രതിഫലിപ്പിക്കുന്നത്. യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമവും സുഖകരവുമായ യാത്രാനുഭവം നല്‍കാനും, ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്നതും ഇരു ഹറമുകളെയും സേവിക്കുന്നതുമായ ആഗോള കേന്ദ്രമെന്ന നിലയില്‍ വിമാനത്താവളത്തിന്റെ സൽപ്പേര് ഉയർത്തുന്ന രീതിയിലാണ് ജിദ്ദ എയര്‍പോര്‍ട്ട്‌സ് കമ്പനിയുടെ പ്രവർത്തനം.
2030ഓടെ 10 കോടിയിലേറെ യാത്രക്കാര്‍ക്ക് സേവനം നല്‍കുക, വ്യോമയാനേതര വരുമാന വിഹിതം 45 ശതമാനമായി വര്‍ധിപ്പിക്കുക, കൈകാര്യം ചെയ്യുന്ന എയർ കാർഗോയുടെ അളവ് 25 ലക്ഷം ടണ്‍ ആക്കി ഉയർത്തുക, ജിദ്ദ വിമാനത്താവളത്തെ 150 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുക, 1.2 കോടി മുതല്‍ 1.5 കോടി വരെ ട്രാന്‍സിറ്റ് യാത്രക്കാരെ സ്വകീരിക്കുക എന്നീ ലക്ഷ്യങ്ങളുമായി മുന്നേറുകയാണ് ജിദ്ദ എയർപോർട്സ് കമ്പനി.