Site icon saudibusinesstimes.com

സൗദിയിലും യുഎഇയിലും ലുലു റീട്ടെയ്‌ലിന് മികച്ച വളര്‍ച്ച; നിക്ഷേപകര്‍ക്ക് 720 കോടി രൂപ ലാഭവിഹിതം

Lulu retail holdings AGM 2025

അബുദാബി. ജിസിസിയിൽ സൗദി അറേബ്യ, യുഎഇ വിപണികളിൽ ഏറ്റവും മികച്ച വളർച്ചയോടെ മുന്നേറുന്ന ലുലു റീട്ടെയ്ൽ 720.8 കോടി രൂപ ലാഭവിഹിതമായി ഓഹരി ഉടമകൾക്ക് വിതരണം ചെയ്യും. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള കമ്പനിയുടെ ആദ്യ ആന്വൽ ജനറൽ മീറ്റിങ്ങിൽ ചെയർമാൻ എം എ യുസഫലിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 75 ശതമാനം ലാഭവിഹിതം നൽകുമെന്നായിരുന്നു കമ്പനി ആദ്യം അറിയിച്ചിരുന്നത്. എന്നാൽ വാർഷിക യോഗത്തിൽ 10 വർധിപ്പിച്ച് ഇത് 85 ശതമാനമാക്കി ഉയർത്തുകയായിരുന്നു. നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണിതെന്നും നന്ദി രേഖപ്പെടുത്തുന്നുവെന്നും യൂസഫലി വ്യക്തമാക്കി.

ഭാവി ലക്ഷ്യമാക്കി മികച്ച വളർച്ചാനിരക്കാണ് ലുലു റീട്ടെയ്ൽ രേഖപ്പെടുത്തുന്നതെന്നും വിപുലമായ വികസന പദ്ധതികൾ നടപ്പാക്കുന്നതോടെ നിക്ഷേപകർക്ക് ഏറ്റവും മികച്ച നേട്ടം ലഭിക്കുമെന്നും യൂസഫലി പറഞ്ഞു. 2024 സാമ്പത്തിക വർഷത്തിൽ ലുലു റീട്ടെയ്ൽ 4.7 ശതമാനം വാർഷികവളർച്ച കൈവരിച്ചിരുന്നു. 762 കോടി ഡോളറാണ് കമ്പനിയുടെ വരുമാനം. മുൻവർഷത്തെ അപേക്ഷിച്ച് 12.6 ശതമാനം അധിക വളർച്ചയോടെ അറ്റാദായം 21.62 കോടി ഡോളറായും ഉയർന്നിരുന്നു. ജിസിസിയിൽ യുഎഇ സൗദി അറേബ്യ മാർക്കറ്റുകളിൽ ഏറ്റവും മികച്ച വളർച്ചയാണ് ലുലു റീട്ടെയ്ൽ നേടിയത്.

ഇ-കൊമേഴ്സ് സംവിധാനങ്ങൾ വിപുലമാക്കിയും ഹാപ്പിനെസ് ലോയൽറ്റി പ്രോഗ്രാമുകൾ അടക്കം സജീവമാക്കിയും ഉപഭോക്താകൾക്ക് കൂടുതൽ സേവനം ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് ലുലു റീട്ടെയ്ൽ സ്വീകരിക്കുന്നത് എന്ന് ലുലു റീട്ടെയ്ൽ സിഇഒ സെയ്ഫി രൂപാവാല പറഞ്ഞു. ലുലു റീട്ടെയിലിന് നൽകി വരുന്ന മികച്ച പിന്തുണയ്ക്ക് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിക്കും അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിനും കമ്പനി നന്ദി രേഖപ്പെ‌ടുത്തി.

Exit mobile version