Site icon saudibusinesstimes.com

ദമ്മാം ആസ്ഥാനമായി AIR ARABIAയുടെ നേതൃത്വത്തില്‍ പുതിയ ബജറ്റ് വിമാന കമ്പനി വരുന്നു

dammam airport KFIA

ദമ്മാം. വ്യോമയാന രംഗത്ത് കുതിപ്പിന്റെ പാതയില്‍ മുന്നേറുന്ന സൗദി അറേബ്യയില്‍ പുതിയൊരു ബജറ്റ് വിമാന കമ്പനി കൂടി വരുന്നു. യുഎഇയിലെ മുന്‍നിര ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യയും (AIR ARABIA) കെയുഎന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിങ്, നെസ്മ എന്നീ സൗദി കമ്പനികളും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത്. ദമ്മാം കിങ് ഫഹദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ആസ്ഥാനമായാണ് പുതിയ വിമാന കമ്പനി പ്രവര്‍ത്തിക്കുക. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുതിയ വിമാന കമ്പനിക്ക് അനുമതി നല്‍കി.

24 സൗദി നഗങ്ങളേയും വിവിധ രാജ്യങ്ങളിലായി 57 വിദേശ നഗരങ്ങളേയും ബന്ധിപ്പിച്ച് സര്‍വീസ് നടത്താനാണ് കമ്പനിയുടെ പദ്ധതി. പ്രതിവര്‍ഷം 10 മില്യന്‍ യാത്രക്കാര്‍ക്ക് സേവനം നല്‍കുകയാണ് ലക്ഷ്യം. കമ്പനിക്ക് 45 വിമാനങ്ങളുണ്ടാകും. കമ്പനിക്ക് നേരിട്ട് 2400ലേറെ പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രധാനമായും സൗദിയുടെ ഈസ്റ്റേണ്‍ പ്രൊവിന്‍സ് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം. ഈ മേഖലയില്‍ വിമാനയാത്രാ സൗകര്യങ്ങള്‍ വിപൂലീകരിക്കുക, മെച്ചപ്പെട്ട കണക്ടിവിറ്റി സാധ്യമാക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് കമ്പനിയുടെ ലക്ഷ്യം.

പുതിയ കമ്പനി കൂടി രംഗത്തിറങ്ങുന്നതോടെ സൗദി വ്യോമയാന രംഗം കൂടുതല്‍ മത്സരക്ഷമമാകും. ടൂറിസം രംഗത്തെ വളര്‍ച്ചയും സൗദി അറേബ്യയെ മേഖലയിലെ ഏവിയേഷന്‍ ഹബ് ആക്കി മാറ്റാനുള്ള വിപുലമായ പദ്ധതികളും വ്യോമയാന മേഖലയ്ക്ക് വലിയ പിന്തുണയാകും. പ്രതിവര്‍ഷം 330 മില്യന്‍ യാത്രക്കാരേയും 4.5 മില്യന്‍ ടണ്‍ കാര്‍ഗോയും കൈകാര്യം ചെയ്യുന്ന തലത്തിലേക്ക് 2030ഓടെ വളരാനാണ് സൗദിയുടെ നാഷനല്‍ സ്ട്രാറ്റജി ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് ലോജിസ്റ്റിക്‌സ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായാണ് ദമ്മാം കിങ് ഫഹദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് വികസനത്തിനും അല്‍ അഹ്‌സ, അല്‍ ഖൈസുമ വിമാനത്താവളങ്ങള്‍ക്കുമുള്ള മാസ്റ്റര്‍ പ്ലാന്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തത്. 77 പശ്ചാത്തലസൗകര്യവികസന പ്രൊജക്ടുകള്‍ ഉള്‍പ്പെടെ 1.6 ബില്യന്‍ സൗദി റിയാലിന്റെ വന്‍കിട വികസന പദ്ധതികളാണ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തത്.

Exit mobile version