Site icon saudibusinesstimes.com

ജിദ്ദയിലും അല്‍കോബാറിലും പ്രവാസികൾക്കായി വിനോദ പരിപാടികളുമായി എന്റർടൈൻമെന്റ് അതോറിറ്റി

passport to the world saudi

ജിദ്ദ. ഇന്ത്യക്കാര്‍ അടക്കം സൗദി അറേബ്യയിലെ പ്രധാന പ്രവാസി സമൂഹങ്ങളെ ലക്ഷ്യമിട്ട് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അല്‍കോബാറിലും ജിദ്ദയിലും പാസ്‌പോര്‍ട്ട്‌ റ്റു ദി വേള്‍ഡ് എന്ന പേരിൽ വൈവിധ്യമാര്‍ന്ന വിനോദ, കലാ പരിപാടികള്‍ സംഘടിപ്പിക്കുന്നു. സുഡാന്‍, ഇന്ത്യ, ഫിലിപ്പീന്‍സ്, ബംഗ്ലദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ നാടുമായും സംസ്കാരവുമായും ബന്ധപ്പെടാനുള്ള അവസരമായാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള കലാപ്രകടനങ്ങള്‍, പാചക, രുചിവൈവിധ്യങ്ങൾ, പരമ്പരാഗത കരകൗശല വസ്തുക്കള്‍, ശില്‍പശാലകള്‍ എന്നിവയിലൂടെ സംസ്‌കാരങ്ങളെ അടുത്തറിയാനും പരിചയപ്പെടുത്താനും ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നു.

ആദ്യ പരിപാടി അല്‍കോബാറിലാണ്. ഓരോ രാജ്യക്കാർക്കും നാലു ദിവസം വീതമാണ് അനുവദിച്ചിരിക്കുന്നത്. ആദ്യ പരിപാടി സുഡാനി പ്രവാസികൾക്കായി ഏപ്രിൽ ഒമ്പത് മുതല്‍ 12 വരെ നടക്കും. ഏപ്രില്‍ 16 മുതല്‍ 19 വരെ ഇന്ത്യന്‍ പ്രവാസികൾക്കും, ഏപ്രില്‍ 23 മുതല്‍ 26 വരെ ഫിലിപ്പിനോ സമൂഹത്തിനും ഏപ്രില്‍ 30 മുതല്‍ മെയ് മൂന്നു വരെ ബംഗ്ലാദേശി പ്രവാസികൾക്കുമായി പരിപാടികള്‍ നടക്കും. അല്‍കോബാറിലെ പരിപാടി പൂര്‍ത്തിയായാല്‍ സമാന രീതിയില്‍ ജിദ്ദയിലും പരിപാടി സംഘടിപ്പിക്കും.

വിവിധ പവലിയനുകളിലായി കലാ, കരകൗശല, വസ്ത്രവൈവിധ്യങ്ങൾ പ്രദർശനത്തിനുണ്ടാകും. പരമ്പരാഗത വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും നൃത്ത പ്രകടനങ്ങളും വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും കരകൗശല വസ്തുക്കൾക്കുമായി പ്രത്യേക സ്ഥലങ്ങള്‍ നീക്കിവെച്ചിട്ടുണ്ട്. തുറന്ന വിപണികള്‍, നാടക വേദികള്‍ എന്നിവയുമുണ്ടാകും.

സാംസ്‌കാരിക വൈവിധ്യം പ്രോത്സാഹിപ്പിക്കുക, വിവിധ രാജ്യങ്ങളുടെ സാംസ്കാരിക പാരമ്പര്യം പരിചയപ്പെടുത്തൽ, വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കുമിടയില്‍ ആശയവിനിമയത്തിന് അവസരമൊരുക്കൽ, സമഗ്രവും ആസ്വാദ്യകരവും വിദ്യാഭ്യാസപരവുമായ അനുഭവമൊരുക്കൽ തുടങ്ങിയ ലക്ഷ്യമിട്ടാണ് പാസ്പാേർട്ട് റ്റു ദി വേൾഡ് പരിപാടി ഒരുക്കുന്നത്.

Exit mobile version