Site icon saudibusinesstimes.com

മോഡിയുടെ സൗദി സന്ദര്‍ശനം ഉഭയകക്ഷി രാഷ്ട്രീയ, സാമ്പത്തിക സഹകരണം ശക്തമാക്കും

PM Modi in saudi 2025 jeddah

ജിദ്ദ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ഏകോപനവും സാമ്പത്തിക പങ്കാളിത്തവും സുസ്ഥിര സഹകരണവും കൂടുതല്‍ ശക്തമാക്കാന്‍ സഹായിക്കുമെന്ന് വിലയിരുത്തല്‍. ഇന്ത്യന്‍ പ്രധാനമന്ത്രി സൗദി സന്ദര്‍ശനത്തിന് തെരഞ്ഞെടുത്ത സമയവും വളരെ പ്രാധാന്യമർഹിക്കുന്നതാണ്. മധ്യപൗരസ്ത്യദേശത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന സൗദി അറേബ്യക്ക് ഗണ്യമായ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനമുണ്ട്. ലോകത്തെ വന്‍കിട രാജ്യങ്ങളുമായുള്ള ശക്തമായ ബന്ധത്തിലൂടെ ഈ സ്വാധീനം കൂടുതല്‍ വര്‍ധിക്കുന്നു. രണ്ടു സൗഹൃദ ജനതക്കും മേഖലയിലെ രാജ്യങ്ങള്‍ക്കും പ്രയോജനകരമാകുന്ന തരത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും ഏകോപനത്തിനുമുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ദീര്‍ഘകാലമായി ഇന്ത്യയുമായി ശക്തവും ചരിത്രപരവുമായ ബന്ധമാണ് സൗദി അറേബ്യക്കുള്ളത്. രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ മേഖലകളില്‍ തന്ത്രപരമായ പങ്കാളിത്തവും സുസ്ഥിര സഹകരണവും ലക്ഷ്യമിട്ട് ഈ ബന്ധങ്ങള്‍ വികസിപ്പിക്കാന്‍ ഇരു രാജ്യങ്ങളും കൂട്ടായ ശ്രമങ്ങളാണ് നടത്തിവരുന്നത്. മിഡില്‍ ഈസ്റ്റിലും ലോകത്തും സമാധാനം കൈവരിക്കാന്‍ നടത്തുന്ന വിപുലമായ ശ്രമങ്ങളുടെ ഫലമായി സൗദി അറേബ്യക്ക് ആഗോള തലത്തില്‍ ആദരവും വിലമതിപ്പുമുണ്ട്. ഊര്‍ജ ഉല്‍പാദനത്തിലൂടെയും ആഗോള വിതരണ പദ്ധതികളിലൂടെയും, ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ പങ്കാളിത്തം വഹിക്കാന്‍ ആഗ്രഹിക്കുന്ന വിഷന്‍ 2030 പദ്ധതികളിലൂടെയും സൗദി അറേബ്യക്കുള്ള സാമ്പത്തിക പ്രാധാന്യവും ലോകം അംഗീകരിക്കുന്നു.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി മോഡി ജിദ്ദയിലെത്തിയത്. കിരീടാവകാശിയോട് ഇന്ത്യന്‍ സര്‍ക്കാരിനുള്ള വിലമതിപ്പ് പ്രതിഫലിപ്പിക്കുന്നതാണിത്. അറബ് മേഖലയുടെ ശാക്തീകരണത്തിലും ഭീഷണികളില്‍ നിന്ന് മേഖലയെ സംരക്ഷിക്കുന്നതിലും കിരീടാവകാശി വഹിക്കുന്ന നിര്‍ണായക പങ്കിനെയും ഇന്ത്യ വലിയ പ്രാധാന്യത്തോടെ നോക്കിക്കാണുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.

ഏറ്റവും പുതിയ പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളില്‍ സൗദി ഭരണാധികാരികളുമായി കൂടിയാലോചന നടത്താനുള്ള പ്രധാന ശക്തികളുടെ താല്‍പര്യത്തെയും ഇതു സൂചിപ്പിക്കുന്നു. മിഡില്‍ ഈസ്റ്റിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താനും സമാധാനത്തിനുള്ള അവസരങ്ങളെ പിന്തുണക്കാനും സൗദി അറേബ്യയുമായുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താനും കൂടിയാലോചനകള്‍ വര്‍ധിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം കണക്കിലെടുത്താണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം. ഊര്‍ജ പദ്ധതികള്‍, ആധുനിക സാങ്കേതികവിദ്യകള്‍ എന്നിവ അടക്കമുള്ള മേഖലകളില്‍ സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കുന്നതിന് ഈ സന്ദര്‍ശനം സാക്ഷ്യം വഹിക്കും.

സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ. ഇന്ത്യക്ക് ഏറ്റവുമധികം എണ്ണ നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. 2024 ല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം 3,990 കോടി ഡോളറായിരുന്നു. ഇന്ത്യയിലേക്ക് വിദേശ നാണ്യം എത്തിക്കുന്ന പ്രധാന സ്രോതസ്സാണ് സൗദിയിലെ ഇന്ത്യന്‍ പ്രവാസി സമൂഹം.

Exit mobile version