Site icon saudibusinesstimes.com

ടൂറിസം രംഗത്ത് ഖത്തറിന് റെക്കോര്‍ഡ് വരുമാന നേട്ടം

visit qatar tourism

ദോഹ. ടൂറിസം രംഗത്ത് ഖത്തറിന് 2024ല്‍ റെക്കോര്‍ഡ് വരുമാന നേട്ടം. 4000 കോടി ഖത്തര്‍ റിയാലാണ് ഒരു വര്‍ഷത്തിനിടെ ഖത്തര്‍ ടൂറിസത്തിന് ലഭിച്ചത്. സന്ദര്‍ശകരുടെ എണ്ണവും കുതിച്ചുയര്‍ന്ന് 50 ലക്ഷത്തിനടുത്തെത്തി. 2023നെ അപേക്ഷിച്ച് 25 ശതമാനമാണ് വര്‍ധന. വിനോദസഞ്ചാര വ്യവസായ രംഗത്തെ ചെലവുകള്‍ 38 ശതമാനവും വര്‍ധിച്ചു. ഹോസ്പിറ്റാലിറ്റി മേഖലയും ചരിത്ര നേട്ടം സ്വന്തമാക്കി. ഹോട്ടല്‍ ബുക്കിങ് ആദ്യമായി ഒരു കോടി കവിഞ്ഞു.

നൂറിലേരെ ബിസിനസ് ഇവന്റുകളും 120 വിനോദ പരിപാടികളും 80 സ്‌പോര്‍ട്‌സ് പരിപാടികളുമാണ് 2024ല്‍ ഖത്തര്‍ ടൂറിസം സംഘടിപ്പിച്ചത്. എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍, ഖത്തര്‍ ഗ്രാന്‍ഡ് പ്രീ ഫോര്‍മുല വണ്‍ എന്നിവ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചു. രാജ്യത്തെത്തിയ മൊത്തം സന്ദര്‍ശകരില്‍ 41 ശതമാനവും ജിസിസി രാജ്യങ്ങളില്‍ നിന്നാണ്. സൗദി അറേബ്യയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെത്തിയത്. ഇന്ത്യക്കാരാണ് രണ്ടാം സ്ഥാനത്ത്. തുടര്‍ന്ന് യുകെ, ജര്‍മനി, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും. 56 ശതമാനം സന്ദര്‍ശകരും ഖത്തറിലെത്തിയത് വിമാന മാര്‍ഗമാണ്. 37 ശമതാനം പേര്‍ കര മാര്‍ഗവും ഏഴു ശതമാനം പേര്‍ കടല്‍ മാര്‍ഗവും എത്തി.

രാജ്യത്തിന്റെ ടൂറിസം വിപണന തന്ത്രം വിജയകരണമാണെന്നാണ് സന്ദര്‍ശകരുടെ എണ്ണത്തിലുണ്ടായ ഈ വര്‍ധന കാണിക്കുന്നതെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സഅദ് അല്‍ ഖര്‍ജി പറഞ്ഞു. 2030ഓടെ സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയാക്കി ജിഡിപിയിലെ ടൂറിസത്തിന്റെ സംഭാവന വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തിലെത്താനുള്ള പ്രതിജ്ഞാബദ്ധതയ്ക്കുള്ള തെളിവാണ് ഈ 25 ശതമാനം വാര്‍ഷിക വര്‍ധനയെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version