Site icon saudibusinesstimes.com

വിദേശ നിക്ഷേപ സ്വീകാര്യതയില്‍ സൗദിയുടെ റാങ്കിങ് 13 ആയി ഉയര്‍ന്നു

saudi riyadh

റിയാദ്. നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ക്കുള്ള (എഫ്ഡിഐ) സ്വീകാര്യതയില്‍ സൗദി അറേബ്യയുടെ ആഗോള റാങ്കിങ് മെച്ചപ്പെട്ടു. കിയര്‍നെസ് 2025 എഫ്ഡിഐ കോണ്‍ഫിഡന്‍സ് സൂചികയില്‍ പതിമൂന്നാം സ്ഥാനത്തേക്ക് സൗദി ഉയര്‍ന്നു. ഈ സൂചികയില്‍ രാജ്യം ഇതുവരെ നേടിയ ഏറ്റവും മികച്ച റാങ്കാണിത്. സാമ്പത്തിക പരിഷ്‌കരണങ്ങളും വൈവിധ്യവല്‍ക്കരണവും സൃഷ്ടിച്ച അനുകൂല നിക്ഷേപ അന്തരീക്ഷമാണ് സൗദിക്ക് ഗുണകരമായത്. കഴിഞ്ഞ വര്‍ഷം 14 ആയിരുന്നു റാങ്ക്.

വളരുന്ന വിപണികളില്‍ ഏറ്റവും ആകര്‍ഷകമായ മൂന്നാമത്തെ രാജ്യമാണ് സൗദി. രാജ്യാന്തര കണ്‍സല്‍ട്ടന്‍സിയായ കിയര്‍നെ 27 വര്‍ഷമായി ഈ വാര്‍ഷിക റിപോര്‍ട്ട് പ്രസിദ്ദീകരിച്ചു വരുന്നു. ലോകത്തെ മുന്‍നിര കോര്‍പറേറ്റ് കമ്പനികളിലെ ഉന്നത എക്‌സിക്യൂട്ടീവുമാര്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് ഈ റിപോര്‍ട്ട് തയാറാക്കുന്നത്. ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ കരുത്തുറ്റ പ്രകടനവും സമൃദ്ധമായ പ്രകൃതിവിഭവങ്ങളും സാങ്കേതികവിദ്യാ രംഗത്തെ അതിവേഗ മുന്നേറ്റവുമാണ് സൗദിയെ തിരഞ്ഞെടുക്കാനുള്ള സവിശേഷതകളായി നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നത്.

വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായുള്ള വൈവിധ്യമാര്‍ന്ന വികസന പദ്ധതികളുടേയും സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവല്‍ക്കരണത്തിന്റെയും ഫലമായി സൗദിയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കില്‍ വലിയ വര്‍ധനയുണ്ട്. ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് 2024 മൂന്നാം പാദത്തില്‍ സൗദിലെത്തിയ നേരിട്ടുള്ള വിദേശ നിക്ഷേപം 1600 കോടി റിയാലായി ഉയര്‍ന്നിട്ടുണ്ട്. 37 ശമതാനമാണ് വര്‍ധന. എണ്ണ ഇതര വ്യവസായ രംഗത്തെ വിദേശ നിക്ഷേപങ്ങളില്‍ 10.4 ശതമാനം വര്‍ധനയാണ് 2023ല്‍ രേഖപ്പെടുത്തിയത്.

വിദേശ നിക്ഷേപ സ്വീകാര്യതയില്‍ ഇന്ത്യയുടെ സ്ഥാനം ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം 18 ആയിരുന്ന ഇന്ത്യയുടെ ഇത്തവണത്തെ റാങ്ക് 24 ആണ്.

Exit mobile version