Site icon saudibusinesstimes.com

മിഡില്‍ ഈസ്റ്റില്‍ മൂല്യമേറിയ ബാങ്കുകളുടെ ഫോബ്‌സ് പട്ടികയില്‍ 10 എണ്ണവും സൗദിയില്‍

forbes ME 30 banks 2025

റിയാദ്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും മൂല്യമേറിയ 30 ബാങ്കുകളുടെ ഫോബ്‌സ് പട്ടികയില്‍ സൗദി അറേബ്യന്‍ ബാങ്കുകളുടെ ആധിപത്യം. 30 മോസ്റ്റ് വാല്യൂവബിള്‍ ബാങ്ക്‌സ് 2025 പട്ടികയില്‍ 10 ബാങ്കുകളും സൗദിയില്‍ നിന്നുള്ളവയാണ്. ഇവയുടെ ആകെ മൂല്യം 26,900 കോടി ഡോളര്‍ വരും. പട്ടികയിലെ 30 ബാങ്കുകളുടെ ആകെ വിപണി മൂല്യമായ 60,080 കോടി ഡോളറിന്റെ മൂന്നിലൊന്നും സൗദി ബാങ്കുകളുടേതാണ്.

പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് സൗദി ബാങ്കായ അല്‍ റാജി ആണ്. മേഖലയിലെ ഏറ്റവും കരുത്തുറ്റ ബാങ്കായ അല്‍ റാജിയുടെ മൂല്യം 10,560 കോടി ഡോളര്‍ വരും. രണ്ടാം സ്ഥാനത്തുള്ള സൗദി നാഷനല്‍ ബാങ്കിന്റെ മൂല്യം 5,470 കോടി ഡോളറാണ്. മൂന്നാം സ്ഥാനത്ത് യുഎഇയിലെ ഫസ്റ്റ് അബുദബി ബാങ്ക് ആണ്. 4,370 കോടി ഡോളറാണ് ഈ ബാങ്കിന്റെ മൂല്യം. നാലാം സ്ഥാനത്ത് ഖത്തറിലെ ക്യൂഎന്‍ബി ഗ്രൂപ്പും അഞ്ചാം സ്ഥാനത്ത് കുവൈത്തിലെ കുവൈത്ത് ഫിനാന്‍സ് ഹൗസുമാണ്. 4,120 കോടിയും 3,830 കോടി ഡോളറുമാണ് യഥാക്രമം ഈ രണ്ട് ബാങ്കുകളുടേയും വിപണി മൂല്യം. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, റിയാദ് ബാങ്ക് എന്നിവരും മികച്ച റാങ്കുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

യുഎഇയിലെ ഏഴ് ബാങ്കുകളാണ് പട്ടികയില്‍ ഇടം നേടിയത്. 15,340 കോടി ഡോളറാണ് ഈ ബാങ്കുകളുടെ ആകെ വിപണി മൂല്യം. ഖത്തറിലെ ആറ് ബാങ്കുകളുമുണ്ട് ഫോബ്‌സ് പട്ടികയില്‍. ഇവയുടെ ആകെ മൂല്യം 7,670 കോടി ഡോളര്‍ വരും. കുവൈത്തിലും മൊറോക്കോയിലും രണ്ടു വീതം ബാങ്കുകളും പട്ടികയിലുണ്ട്.

2025ല്‍ മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക (മിന) മേഖലയിലെ ബാങ്കിങ്, ധനകാര്യ മേഖല കരുത്തുറ്റ വളര്‍ച്ച നേടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. സാമ്പത്തിക വൈവിധ്യവല്‍ക്കരണം, അനുകൂലമായ ധനകാര്യ സാഹചര്യങ്ങള്‍, അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടേയും എണ്ണ ഇതര ബിസിനസുകളുടേയും കരുത്തില്‍ പ്രതീക്ഷപ്പെടുന്ന 3.5 ശതമാനം സാമ്പത്തിക വളര്‍ച്ച തുടങ്ങി വിവിധ ഘടകങ്ങളാണ് ബാങ്കിങ് മേഖലയിക്ക് പ്രതീക്ഷ നല്‍കുന്നത്.

ഈ വര്‍ഷത്തെ ഫോബ്‌സ് പട്ടികയില്‍ ഏഴ് രാജ്യങ്ങളിലെ ബാങ്കുകളെയാണ് ഫോബ്‌സ് പരിഗണിച്ചത്. ഈ രാജ്യങ്ങളില്‍ നിന്നും ഈ 30 ബാങ്കുകള്‍ ഒരു വര്‍ഷത്തിനിടെ 3.4 ശതമാനം വളര്‍ച്ചയാണ് നേടിയതെന്ന് ഫോബ്‌സ് റിപോര്‍ട്ട് പറയുന്നു.

Exit mobile version