റിയാദ്. സൗദി അറേബ്യയിലെ ആകെ ജനസംഖ്യയും വിദേശികളുടെ എണ്ണവും അടക്കം പുതിയ കണക്കുകൾ ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം അവസാനം വരെയുള്ള കണക്കുകൾ പ്രകാരം 3.53 കോടി ആണ് രാജ്യത്തെ മൊത്തം ജനസംഖ്യ. കൃത്യമായി പറഞ്ഞാൽ 3,53,00,280. ഇവരിൽ സ്വദേശികൾ 55.6 ശതമാനമാണ്. 44.4 ശതമാനം ജനങ്ങളും വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ താമസക്കാരാണ്.
ആകെ ജനസംഖ്യയിൽ സത്രീകളുടെ എണ്ണം കുറവാണ്. 62.1 ശതമാനം പേരും പുരുഷൻമാരാണ്. സ്ത്രീകൾ 37.9 ശതമാനവും. ജനസംഖ്യയിൽ 14 വയസ്സിനു താഴെ പ്രായമുള്ളവർ 22.5 ശതമാനം ഉണ്ട്. 74.7 ശതമാനം പേർ 15 മുതൽ 64 വരെയുള്ള പ്രായഗണത്തിൽപ്പെടും. 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ 2.8 ശതമാനം മാത്രമാണ്.
സൗദിയില്‍ നിയമാനുസൃതം താമസ അനുമതിയോടെ കഴിയുന്ന വിദേശികളുടെ എണ്ണം 1,56,76,924 ആണ്. മൊത്തം ജനസംഖ്യയുടെ 44.4 ശതമാനം. സ്വദേശികളുടെ എണ്ണം 1,96,23,356.
ജനസംഖ്യ ഒറ്റനോട്ടത്തിൽ
- മൊത്തം ജനസംഖ്യ- 3,53,00,280
- പുരുഷൻമാർ- 2,19,23,474
- സ്ത്രീകൾ- 1,33,76,806
- 14 വയസ്സിനു താഴെ പ്രായമുള്ളവർ- 79,42,563
- 15-64 പ്രായമുള്ളവർ- 2,63,74,109 പേര്
- 65നു മുകളിൽ പ്രായമുള്ളവർ- 9,88,108