Site icon saudibusinesstimes.com

സൗദിയില്‍ വിദേശികൾക്കും ഭൂമി വാങ്ങാം, റിയൽ എസ്റ്റേറ്റ് കുതിപ്പ് ലക്ഷ്യമിട്ട് പുതിയ പരിഷ്കരണം; അറിയേണ്ടതെല്ലാം

Prince Mohammed bin Salman bin Abdulaziz Al Saud

ജിദ്ദ. സൗദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് വികസന രംഗത്ത് വൻകുതിപ്പ് ലക്ഷ്യമിടുന്ന പുതിയ പരിഷ്കരണങ്ങൾക്ക് മന്ത്രിസഭ യോഗം അംഗീകാരം നൽകി. റിയൽ എസ്റ്റേറ്റ് മേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഈ രംഗത്ത് വലിയ വികസനത്തിനുമായി നടപ്പിലാക്കി വരുന്ന പരിഷ്കരണങ്ങളുടെ തുടർച്ച ആയാണ് പുതിയ പരിഷ്കരണം. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയമത്തിന് അംഗീകാരം നൽകിയത്. 2026 ജനുവരി മുതൽ പുതിയ റിയൽ എസ്റ്റേറ്റ് നിയമം പ്രാബല്യത്തില്‍ വരും.

കൂടുതൽ നിക്ഷേപകരെയും റിയല്‍ എസ്റ്റേറ്റ് കമ്പനികളെയും സൗദി വിപണിയിലേക്ക് ആകര്‍ഷിക്കുന്നതിലൂടെ പാര്‍പ്പിട, വാണിജ്യ റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ പുതിയ നിയമം സഹായിക്കുമെന്ന് നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ പറഞ്ഞു.

സ്വദേശി പൗരന്മാരുടെ താല്‍പര്യങ്ങളും സാമ്പത്തിക, നിക്ഷേപ വശങ്ങളും കണക്കിലെടുത്ത് വിപണി നിയന്ത്രണവും റിയൽ എസ്റ്റേറ്റ് മേഖലയിൽ സന്തുലിതാവസ്ഥയും ഉറപ്പാക്കിയാണ് പുതിയ പരിഷ്കരണങ്ങൾ നടപ്പിലാക്കുക. പുതിയ നിയമം പ്രാബല്യത്തില്‍വരുന്നതോടെ വിദേശികള്‍ക്ക് നിർദ്ദിഷ്ഠ പ്രദേശങ്ങളില്‍, പ്രത്യേകിച്ച് റിയാദ്, ജിദ്ദ നഗരങ്ങളില്‍ ഉൾപ്പെടെ ഭൂമി സ്വന്തമാക്കാന്‍ കഴിയും. വിശുദ്ധ നഗരങ്ങളായ മക്കയിലും മദീനയിലും ഇതിന് പ്രത്യേക വ്യവസ്ഥകളുണ്ടാകുമെന്നും നഗരസഭാ-പാര്‍പ്പിടകാര്യ മന്ത്രി പറഞ്ഞു.വിദേശികൾക്ക് ഭൂമി വാങ്ങാവുന്ന ഇടങ്ങളുടെ പരിധി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റിയാണ് നിർദേശിക്കുക.

പുതിയ നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം 180 ദിവസത്തിനകം നിയമത്തിലെ ഭരണപരമായ നിയമാവലികൾ പബ്ലിക് കൺസൽട്ടേഷൻ പ്ലാറ്റ്ഫോമിൽ പരസ്യപ്പെടുത്തും. സൗദി പൗരന്മാര്‍ അല്ലാത്തവര്‍ക്ക് ഭൂസ്വത്ത് ഉടമാവകാശം സ്വന്തമാക്കുന്നതിനുള്ള നടപടിക്രമങ്ങളും വ്യവസ്ഥകളും ഉൾപ്പെടെ എല്ലാ വിശദാംശങ്ങളും ഈ നിയമാവലിയിൽ വ്യക്തമാക്കും.

Exit mobile version