Site icon saudibusinesstimes.com

മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഇക്കോണമി സൗദി അറേബ്യ

saudi arabia digital economy

റിയാദ്. മിഡില്‍ ഈസ്റ്റ് ആന്റ് നോര്‍ത്ത് ആഫ്രിക്ക (മിന) മേഖലയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഇക്കോണമിയായി സൗദി അറേബ്യയുടെ മുന്നേറ്റം. 49,500 കോടിയിലേറെ റിയാലിന്റൈ മൂല്യം വരുമിത്. ഇത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 15 ശതമാനത്തിന് തുല്യമാണെന്ന് കമ്യൂണിക്കേഷന്‍ ആന്റ് ഐടി മന്ത്രാലയത്തിന്റെ പുതിയ കണക്കുകള്‍ പറയുന്നു. ആഗോള തലത്തില്‍ തന്നെ ഒരു ഡിജിറ്റല്‍ പവര്‍ഹൗസായി മാറാനും കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും വലിയ നിക്ഷേപങ്ങളും പദ്ധതികളുമാണ് സൗദി ഏതാനും വര്‍ഷങ്ങളായി നടത്തി വരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റ സെന്റര്‍, ഇ-ഗവണ്‍മെന്റ്, മാനവ മൂലധന വികസനം എന്നീ രംഗങ്ങളില്‍ വലിയ മുന്നേറ്റമാണ് രാജ്യം നടത്തിയിട്ടുള്ളത്.

സ്വകാര്യ മേഖലയിലെ വലിയ നിക്ഷേപങ്ങളുടേയും നവീന പദ്ധതികളുടേയും പിന്‍ബലത്തില്‍ 2024ല്‍ കമ്യൂണിക്കേഷന്‍, ഐടി രംഗത്തെ വളര്‍ച്ച 18,000 കോടി റിയാല്‍ മറികടന്നിട്ടുണ്ട്. ഇത് സൗദിയെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ടെക്‌നോളജി വിപണിയാക്കിയും മാറ്റിയിട്ടുണ്ട്. യുഎന്‍ ഓണ്‍ലൈന്‍ സര്‍വീസസ് സൂചികയില്‍ ഡിജിറ്റല്‍ ഗവര്‍ണന്‍സ് രംഗത്ത് ഇന്ന് സൗദി ലോകത്ത് നാലാം സ്ഥാനത്താണ്. ഇ-ഗവണ്‍മെന്റ് ഡെവലപ്‌മെന്റ് സൂചികയില്‍ ആറാം സ്ഥാനത്തും ജി20 രാജ്യങ്ങളില്‍ രണ്ടാമതുമാണ്.

എഐ സാങ്കേതികവിദ്യകളിലും ഡേറ്റ സെന്റര്‍ അടിസ്ഥാനസൗകര്യള്‍ക്കുമായി രാജ്യം 5500 കോടി റിയാലിന്റെ നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്. ദേശീയ ഡേറ്റാ സെന്റര്‍ ശേഷിയില്‍ 42 ശതമാനം വര്‍ധനയും 2024ല്‍ ഉണ്ടായി. ഇപ്പോള്‍ 290.5 മെഗാവാട്ട് ശേഷിയുണ്ട്.

എഐ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ ഹ്യുമയ്ന്‍ (HUMAIN) എന്ന പേരില്‍ പുതിയ എഐ കമ്പനി സൗദി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയെ പിന്തുണയ്ക്കുന്നതിന് എഐ ചിപ്പ് നിര്‍മാണ ഭീമനായ എന്‍വിഡിയയുടമായും ധാരണയിലെത്തിയിട്ടുണ്ട്. ഉയര്‍ന്ന കാര്യക്ഷമതയുള്ള ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും സാധ്യമാക്കുന്നതിന് ആവശ്യമായ എല്ലാ പശ്ചാത്തല സൗകര്യങ്ങളും ഒരുക്കുന്നതിനാണ് സൗദി മുന്‍ഗണന നല്‍കുന്നത്. മിഡില്‍ ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ രംഗത്തെ പ്രതിഭകളുള്ളതും സൗദിയിലാണ്. ടെക്‌നോളജി മേഖലയില്‍ മാത്രം 3,81,000 സ്‌പെഷ്യലൈസ്ഡ് ജോലികളാണ് സൗദിയിലുള്ളത്. ഈ മേഖലയില്‍ വനിതാ പ്രാതിനിധ്യവും വന്‍തോതില്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്. 2018ല്‍ വെറും ഏഴു ശതമാനമായിരുന്ന വനിതാ പങ്കാളിത്തം 2024ല്‍ 35 ശതമാനമായി കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

Exit mobile version