റിയാദ്. സൗദി അറേബ്യയിലെ തൊഴിലില്ലായ്മ നിരക്ക് 2024 ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ ത്രൈമാസത്തിൽ (മൂന്നാം പാദം) 3.7 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.5 ശതമാനമാണ് കുറഞ്ഞത്. ഇക്കാലയളവിൽ സൗദികളുടേയും വിദേശികളുടേയും ആകെ തൊഴിൽ പങ്കാളിത്തം 66.6 ശതമാനമായും ഉയർന്നതായി ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, 2024 രണ്ടാം പാദത്തെ അപേക്ഷിച്ച് തൊഴിലില്ലായ്മ നിരക്ക് 0.4 ശതമാനം വർധിച്ചിട്ടുണ്ട്. സൗദി പൗരന്മാർക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് മൂന്നാം പാദത്തിൽ 7.8 ശതമാനമായും ഉയർന്നു. 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഒരു ശതമാനം കുറഞ്ഞിട്ടുണ്ട്. ഏറ്റും പുതിയ പാദവാർഷിക കണക്കുകൾ പ്രകാരം സൗദികളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 0.7 പോയിന്റ് ഉയർന്ന് 51.5 ശതമാനമായി. സൗദികളുടെ തൊഴിൽ-ജനസംഖ്യ അനുപാതം രണ്ടാം പാദത്തെ അപേക്ഷിച്ച് 0.2 ശതമാനം വർധിച്ച് 47.4 ശതമാനത്തിലെത്തി. 2023 മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോൾ 1.1 ശതമാനവും വർധിച്ചിട്ടുണ്ട്.
കൂടുതൽ വനിതകൾ തൊഴിൽ രംഗത്തെത്തി
തൊഴിലെടുക്കാൻ സന്നദ്ധരാകുന്ന വനിതകളുടെ എണ്ണവും സൗദിയിൽ വർധിച്ചു വരികയാണ്. 2024 മൂന്നാം പാദത്തിൽ വനിതകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 36.2 ശതമാനമായി ഉയർന്നു. രണ്ടാം പാദത്തെ അപേക്ഷിച്ച് 0.8 ശതമാനമാണ് വർധന. സൗദി സ്ത്രീകളുടെ തൊഴിൽ-ജനസംഖ്യ അനുപാതവും 0.5 ശതമാനം വർധിച്ച് 31.3 ശതമാനത്തിലെത്തി. അതേസമയം, സൗദി സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് രണ്ടാം പാദത്തെ അപേക്ഷിച്ച് 0.8 ശതമാനം വർധിച്ച് 13.6 ശതമാനമായാതായും ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പറയുന്നു.
സൗദി പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തം 0.6 ശതമാനം ഉയർന്ന് 66.9 ശതമാനത്തിലെത്തിയപ്പോൾ അവരുടെ തൊഴിലില്ലായ്മ നിരക്ക് 0.7 ശതമാനം വർധിച്ച് 4.7 ശതമാനമായി. തൊഴിലില്ലാത്ത സൗദികളിൽ 95.6 ശതമാനവും സ്വകാര്യമേഖലയിൽ ജോലി ചെയ്യാൻ സന്നദ്ധരാണെന്ന് പുതിയ കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ഇവരിൽ 77.5 ശതമാനം സ്ത്രീകളും 91.1 ശതമാനം പുരുഷന്മാരും ദിവസവും എട്ട് മണിക്കൂറെങ്കിലും ജോലി ചെയ്യാൻ തയ്യാറാണ്.
സൗദിയിലെ പൊതു, സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങൾ തൊഴിലന്വേഷകർക്ക് ലഭ്യമാക്കുന്നതിന് 2024 ജൂണിൽ ജദാറാത്ത് എന്ന ഏകീകൃത തൊഴിൽ പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു. ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. തൊഴിൽ വിപണിയെ ശക്തിപ്പെടുത്തുക എന്നത് രാജ്യത്തിൻ്റെ ദീർഘകാല സാമൂഹിക-സാമ്പത്തിക വളർച്ചാ പദ്ധതിയുടെ സുപ്രധാന ഭാഗമാണ്.