Site icon saudibusinesstimes.com

പ്രവാസികളുടെ പണമയക്കല്‍ ഒമ്പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

saudi currency riyal

റിയാദ്. സൗദി അറേബ്യയില്‍ നിന്ന് വിദേശങ്ങളിലേക്കുള്ള പ്രവാസികളുടെ പണമയക്കല്‍ (Expat Remittance) ഒമ്പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. 2024 മാര്‍ച്ചില്‍ 1,550 കോടി റിയാലാണ് പ്രവാസികള്‍ നാട്ടിലേക്കയച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 29.61 ശതമാനമാണ് വാര്‍ഷിക വര്‍ധനയെന്ന് സൗദി സെന്‍ട്രല്‍ ബാങ്കിന്റെ (SAMA) കണക്കുകള്‍ പറയുന്നു. കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ ഒരു മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്.

ഡിജിറ്റല്‍ പേമെന്റുകളുടെ സ്വീകാര്യത വര്‍ധിച്ചതും തൊഴില്‍ വിപണി കൂടുതല്‍ ആകര്‍ഷകമായതുമാണ് ഈ വര്‍ധനയ്ക്ക് ആക്കം കുട്ടിയതെന്ന് വിലയിരുത്തപ്പെടുന്നു. ഡിജിറ്റല്‍ പേമെന്റ് സൗകര്യങ്ങള്‍ വര്‍ധിച്ചത് രാജ്യത്തെ പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം അന്താരാഷ്ട്ര മണി ട്രാന്‍സ്ഫറുകള്‍ കൂടുതല്‍ അനായാസമാക്കിയിട്ടുണ്ട്.

പ്രവാസികള്‍ക്കു പുറമെ സൗദി പൗരന്മാരുടെ മണി ട്രാന്‍സ്ഫറുകളിലും വലിയ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 650 കോടി റിയാലാണ് സൗദികള്‍ അയച്ചത്. വാര്‍ഷിക വര്‍ധന 27 ശതമാനം.

സൗദിയില്‍ നിന്നുള്ള പ്രവാസികളുടെ പണമയക്കല്‍ കൂടുതലും അവരുടെ കുടുംബങ്ങള്‍ക്കും, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണെന്ന് മുന്‍നിര ആഗോള പേമെന്റ് നെറ്റ്‌വര്‍ക്കായ വിസ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സൗദിയില്‍ നിന്നുള്ള വിദേശ പണമയക്കലുകള്‍ക്ക് ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളെയാണ്. വിസ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയിലേറെ പേരും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരാണ്.

മിനിറ്റുകള്‍ക്കം ഇടപാട് പൂര്‍ത്തിയാക്കാമെന്നതാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ ആകര്‍ഷണീയത. അതേസമയം സര്‍വീസ് ഫീസ്, വിനിമയ നിരക്കിലെ വ്യക്തത ഇല്ലായ്മ തുടങ്ങിയ വെല്ലുവിളികളും ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉണ്ട്.

Exit mobile version