Site icon saudibusinesstimes.com

സൗദി സെന്‍ട്രല്‍ ബാങ്ക് വായ്പാ നിരക്കുകള്‍ കുറച്ചു

saudi central bank repo rate

റിയാദ്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ വെട്ടിക്കുറച്ചതിനു പിന്നാലെ സൗദി സെന്‍ട്രല്‍ ബാങ്കും (സമ) വായ്പാ നിരക്കുകൾ കുറച്ചു. അടിസ്ഥാന പലിശ നിരക്ക് (റിപ്പോ) 25 ബേസിസ് പോയിന്റുകൾ കുറച്ച് അഞ്ച് ശതമാനമാക്കിയാണ് പുതുക്കിയത്. ഈ വർഷം ഇത് മുന്നാം തവണയാണ് നിരക്കുകൾ കുറയ്ക്കുന്നത്. റിവേഴ്‌സ് റിപ്പോ നിരക്ക് 4.5 ശതമാനമായും കുറച്ചു. ആഗോള സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പണപ്പെരുപ്പ നിരക്ക് വർധിക്കാതെ സംരക്ഷിക്കുന്നതിനാണ് വായ്പാ നിരക്കുകള്‍ കുറച്ചതെന്ന് സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.

യുഎസ് ഫെഡറൽ റിസർവും കഴിഞ്ഞ ദിവസം വായ്പാ നിരക്കിൽ 25 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു. സൗദി റിയാലിനെയും അമേരിക്കന്‍ ഡോളറിനെയും സ്ഥിരവിനിമയ നിരക്കില്‍ ബന്ധിപ്പിച്ചതിനാല്‍ പണനയങ്ങളില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിനെ പിന്തുടരുന്ന രീതിയാണ് സൗദി സെന്‍ട്രല്‍ ബാങ്ക് പാലിക്കുന്നത്.

പണപ്പെരുപ്പം നേരിയ തോതില്‍ മെച്ചപ്പെടുകയും തൊഴിലില്ലായ്മ നിരക്ക് താരതമ്യേന സ്ഥിരത കൈവരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പലിശ നിരക്ക് കുറച്ചത് വായ്പാ ചെലവുകള്‍ കുറക്കുമെന്ന് യു.എസ് ഫെഡറല്‍ റിസര്‍വ് പറഞ്ഞു. അടുത്ത വര്‍ഷം രണ്ടു തവണ കാല്‍ ശതമാനം തോതില്‍ പലിശ നിരക്ക് കുറക്കാന്‍ സാധ്യതയുള്ളതായും ഫെഡറല്‍ റിസര്‍വ് സൂചിപ്പിക്കുന്നു. കുതിച്ചുയർന്ന പണപ്പെരുപ്പം നിയന്ത്രിക്കാന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് തുടർച്ചയായി പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു.

യുഎഇ സെൻട്രൽ ബാങ്കും കുവൈത്ത് സെന്‍ട്രല്‍ ബാങ്കും വായ്പാ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചിട്ടുണ്ട്.

എന്താണ് റിപ്പോ നിരക്ക് ?

രാജ്യത്തെ ബാങ്കുകൾക്ക് കേന്ദ്ര ബാങ്ക് നൽകുന്ന വായ്പകളുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. വായ്പകൾക്ക് ആവശ്യക്കാർ വർധിക്കുമ്പോൾ അതിനനുസരിച്ച് വിതരണം ചെയ്യാൻ ബാങ്കുകളുടെ കൈവശം പണമില്ലെങ്കിൽ കേന്ദ്ര ബാങ്ക് വായ്പ നൽകും. റിപ്പോ നിരക്ക് കുറച്ചാൽ അതിനർത്ഥം സമ്പദ്‌വ്യവസ്ഥയിലേക്ക് പണം ഒഴുക്കാന്‍ കേന്ദ്ര ബാങ്ക് ആഗ്രഹിക്കുന്നുവെന്നാണ്.

എന്താണ് റിവേഴ്സ് റിപ്പോ നിരക്ക് ?

വായ്പാ വിതരണത്തിന് അവസരമില്ലാതെ ബാങ്കുകളുടെ കയ്യിൽ പണം കുമിഞ്ഞ് കൂടിയാൽ ഈ പണം കേന്ദ്ര ബാങ്ക് നിക്ഷേപമായി സ്വീകരിക്കും. ഇങ്ങനെ ബാങ്കുകളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് കേന്ദ്ര ബാങ്ക് നൽകുന്ന പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്.

Exit mobile version