Site icon saudibusinesstimes.com

വിദേശ ടൂറിസ്റ്റുകള്‍ സൗദിയിൽ ചെലവിട്ടത് 15,360 കോടി റിയാല്‍

Jeddah Promenade visit saudi

റിയാദ്. കഴിഞ്ഞ വര്‍ഷം വിദേശ ടൂറിസ്റ്റുകള്‍ സൗദിയില്‍ 15,360 കോടി റിയാല്‍ ചെലവഴിച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. 2023നെ അപേക്ഷിച്ച് 2024 ല്‍ വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗം 13.8 ശതമാനം വര്‍ധിച്ചു. 2023 ല്‍ വിദേശ ടൂറിസ്റ്റുകള്‍ സൗദിയില്‍ 13,500 കോടി റിയാലാണ് ചെലവഴിച്ചത്.

ആഗോള തലത്തില്‍ നടത്തിയ ടൂറിസം പ്രൊമോഷന്‍ കാമ്പയിനുകളും ഇ-വിസ വ്യാപകമാക്കിയതും ദിര്‍ഇയ, റെഡ്‌സീ പോലുള്ള ടൂറിസം പദ്ധതികള്‍ ഉദ്ഘാടനം ചെയ്തതും ഏതാനും അന്താരാഷ്ട്ര പരിപാടികള്‍ക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിച്ചതും ടൂറിസം കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം മെച്ചപ്പെടുത്തുകയും കൂടുതല്‍ വിദേശ ടൂറിസ്റ്റുകളെ സൗദിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലാ ധനവിനിയോഗത്തില്‍ 4,980 കോടി റിയാല്‍ മിച്ചം നേടാന്‍ സൗദി അറേബ്യക്ക് സാധിച്ചു. 2023 നെ അപേക്ഷിച്ച് 7.8 ശതമാനം കൂടുതലാണിത്. 2023 ല്‍ ടൂറിസം മേഖലാ ധനവിനിയോഗത്തില്‍ മിച്ചം 4,620 കോടി റിയാലായിരുന്നു. വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാനും ദേശീയ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചക്ക് ടൂറിസം മേഖല നല്‍കുന്ന സംഭാവന വര്‍ധിപ്പിക്കാനും ടൂറിസം മന്ത്രാലയവും ടൂറിസം മേഖലയിലെ മറ്റു വകുപ്പുകളും ഏജന്‍സികളും സ്ഥാപനങ്ങളും നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് 2024 ല്‍ ടൂറിസം മേഖലാ ധനവിനിയോഗത്തില്‍ കൈവരിച്ച മിച്ചത്തില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായതെന്ന് ടൂറിസം മന്ത്രാലയം പറഞ്ഞു. മികച്ച ടൂറിസം വികസന രീതികള്‍ നടപ്പിലാക്കുന്നതിലൂടെയും ടൂറിസം സേവനങ്ങളും ഉല്‍പന്നങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെയും എല്ലാ സര്‍ക്കാര്‍ ഏജന്‍സികളുമായുമുള്ള തുടര്‍ച്ചയായ സഹകരണത്തിലൂടെയും രാജ്യത്ത് വിനോദസഞ്ചാര മേഖലയുടെ വികസനത്തെ പിന്തുണക്കാനും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനും ശ്രമിച്ച് ടൂറിസം മന്ത്രാലയവും അനുബന്ധ വകുപ്പുകളും നടത്തുന്ന ശ്രമങ്ങളുടെ ഫലപ്രാപ്തിയും ഈ വളര്‍ച്ച വ്യക്തമാക്കുന്നതായി മന്ത്രാലയം പറഞ്ഞു.

ലോകത്ത് വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഏറ്റവും വലിയ വളര്‍ച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ സൗദി അറേബ്യ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിട്ടുണ്ട്. കൊറോണ മഹാമാരി വ്യാപനത്തിനു മുമ്പ് 2019 ല്‍ ആദ്യത്തെ ഒമ്പതു മാസക്കാലത്തെ അപേക്ഷിച്ച് 2024 ല്‍ ആദ്യത്തെ ഒമ്പതു മാസക്കാലത്ത് സൗദിയില്‍ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 61 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ടൂറിസം മേഖലയിലെ തുടര്‍ച്ചയായ വിജയങ്ങള്‍ ടൂറിസം മന്ത്രാലയത്തിന്റെ പദ്ധതികളുടെയും തന്ത്രങ്ങളുടെയും ഫലപ്രാപ്തിയും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഉന്നമിട്ട് ടൂറിസം മന്ത്രാലയവും അനുബന്ധ വകുപ്പുകളും നടത്തുന്ന ശ്രമങ്ങളും സ്ഥിരീകരിക്കുന്നു. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലെ വലിയ വളര്‍ച്ച സൗദിയിലെ ആകര്‍ഷകമായ ടൂറിസം ഓപ്ഷനുകളിലും അവയുടെ വൈവിധ്യത്തിലും യാത്രക്കാരുടെ വിശ്വാസം പ്രതിഫലിപ്പിക്കുന്നു. ഇതിലൂടെ ഒരു പ്രമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം മെച്ചപ്പെടുന്നു.

2023 ല്‍ വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തില്‍ ലോക രാജ്യങ്ങളുടെ പട്ടികയില്‍ 15 സ്ഥാനങ്ങള്‍ മറികടക്കാന്‍ സൗദി അറേബ്യക്ക് സാധിച്ചിരുന്നു. 2023 ല്‍ വിദേശ വിനോദസഞ്ചാരികളുടെ ധനവിനിയോഗത്തില്‍ സൗദി അറേബ്യ ആഗോള തലത്തില്‍ 12-ാം സ്ഥാനത്തെത്തി. 2019 ല്‍ ഈ പട്ടികയില്‍ സൗദി അറേബ്യ 27-ാം സ്ഥാനത്തായിരുന്നു. ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തില്‍ ലോകത്തെ മുന്‍നിരയിലുള്ള ആദ്യത്തെ 50 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം നില മെച്ചപ്പെടുത്തിയത് സൗദി അറേബ്യയാണ്.

Exit mobile version