Site icon saudibusinesstimes.com

സൗദി ഭവന റിയൽ എസ്റ്റേറ്റ് വിപണിയിൽ ഈ വർഷം 458 കോടി റിയാലിന്റെ നിക്ഷേപം വരുമെന്ന്

saudi real estate in 2025

റിയാദ്. സൗദി അറേബ്യയിലെ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണി 2025ൽ സ്വകാര്യ നിക്ഷേപകരിൽ നിന്ന് 458 കോടി റിയാൽ (122 കോടി യുഎസ് ഡോളർ) ആകർഷിക്കുമെന്ന് പ്രമുഖ പ്രോപ്പർട്ടി കൺസൾട്ടൻസിയായ നൈറ്റ് ഫ്രാങ്ക് റിപോർട്ട്. രാജ്യത്ത് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഗിഗാ പദ്ധതികളാണ് ഈ വളർച്ചയ്ക്ക് പ്രധാന ഉത്തേജനമെന്ന്  യൂഗോവുമായി ചേർന്ന് നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നു. സൗദി അറേബ്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്ന് ഈ വർഷം 3200 കോടി ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഈ തുകയിൽ 122 കോടി ഡോളർ സ്വകാര്യ നിക്ഷേപകർ റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാജ്യത്ത് നടന്നുവരുന്ന പരിഷ്കരണങ്ങളും വിഷൻ 2030 പദ്ധതിയുടെ ഭാഗമായുള്ള വൻകിട പ്രൊജക്ടുകളും റിയൽ എസ്റ്റേറ്റ് മേഖലയുടെ ആകർഷണം വർധിപ്പിക്കുന്നതിൽ നിർണായ പങ്കുവഹിക്കുന്നു.

പ്രവാസി കുടുംബങ്ങള്‍ ഉള്‍പ്പെടെ സൗദിയിലെ 1037 കുടുംബങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഇതു കണക്കാക്കിയിരിക്കുന്നത്. പൗരന്മാരും സ്ഥിരതാമസക്കാരും പ്രാദേശിക റിയല്‍ എസ്റ്റേറ്റ് രംഗത്ത് 4.89 കോടി ഡോളര്‍ ചെലവിടാന്‍ ആഗ്രഹിക്കുന്നുവെന്നും റിപോര്‍ട്ട് പറയുന്നു. വിഷന്‍ 2030 മെഗാ പദ്ധതികളില്‍ 7.33 കോടി ഡോളറിന്റെ നിക്ഷേപ അവസരങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്രയും തുക തങ്ങളുടെ വ്യക്തിഗത മൂലധനത്തില്‍ നിന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിക്കാന്‍ വ്യക്തികള്‍ തയാറാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിഷന്‍ 2030ന്റെ ഭാഗമായി സര്‍ക്കാര്‍ വിഭാവനം ചെയ്ത ഭവന പദ്ധതികള്‍ അതിവേഗം ലക്ഷ്യത്തിലേക്കടുക്കുകയാണ്. 2024ലെ വീട്ടുടമസ്ഥതാ നിരക്ക് 63.7 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2030ഓടെ ഇത് 70 ശതമാനത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

2024ല്‍ രണ്ട് ലക്ഷത്തിലേറെ ഭവന യൂനിറ്റുകള്‍ക്കാണ് മുനിസിപ്പല്‍ ആന്റ് റൂറല്‍ അഫയേഴ്‌സ് ആന്റ് ഹൗസിങ് മന്ത്രാലയം അനുമതി നല്‍കിയത്. ഇവയില്‍ 60,000 വീടുകള്‍ ഉടമകള്‍ക്ക് കൈമാറി. സകാനി പ്ലാറ്റ്‌ഫോം വഴി അധികമായി 1,6500 ഭവന പ്ലോട്ടുകള്‍ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ ഗുണഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം വീടു പണിയാം.

റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഭവനങ്ങളുടെ ഡിമാൻഡ് വർധിക്കുന്നതും ഈ വളർച്ചയ്ക്ക് പിന്നിലെ മറ്റൊരു പ്രധാന ഘടകമാണ്. നിയോം, റെഡ് സീ പ്രോജക്ട്, ഖിദ്ദിയ തുടങ്ങിയ ഗിഗാ പദ്ധതികൾ റിയൽ എസ്റ്റേറ്റ് വിപണിയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ സൗദിയിലെ ഭവന വിപണി കൂടുതൽ ശക്തി പ്രാപിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

സർക്കാർ നടപ്പിലാക്കുന്ന ഭവന പദ്ധതികളും വിദേശ നിക്ഷേപകർക്ക് നൽകുന്ന ആനുകൂല്യങ്ങളും ഈ മേഖലയുടെ വികസനത്തിന് സഹായകമാകുന്നുണ്ട്. ഈ നിക്ഷേപ പ്രവണത ആഗോള റിയൽ എസ്റ്റേറ്റ് വിപണിയിൽ സൗദിയുടെ സ്ഥാനം മെച്ചപ്പെടുത്താനും വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ

Exit mobile version