Site icon saudibusinesstimes.com

സൗദിയില്‍ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍

Riyadh saudi arabia

റിയാദ്. സ്വദേശികളുടേയും വിദേശികളുടേയും തൊഴില്‍പങ്കാളിത്തം വര്‍ധിച്ചതോടെ സൗദി അറേബ്യയിലെ തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് (GASTAT) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കു പ്രകാരം 2025 ആദ്യ പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 2.8 ശതമാനം മാത്രമാണ്. കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 0.7 ശതമാനമാണ് കുറഞ്ഞത്. സൗദികളുടേയും മറ്റു രാജ്യക്കാരുടേയും തൊഴില്‍ പങ്കാളിത്ത നിരക്ക് 68.2 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്.

വിഷന്‍ 2030 പദ്ധതി വിഭാവനം ചെയ്തതു പ്രകാരം പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ മികച്ച മുന്നേറ്റമാണ് കൈവരിച്ചത്. സാമൂഹിക-സാമ്പത്തിക പരിഷ്‌കരണ പദ്ധതിയില്‍ സുപ്രധാന ശ്രദ്ധനല്‍കുന്നത് തൊഴിലില്ലായ്മ കുറയ്ക്കുന്നതിനാണ്. സ്വദേശി ജനസംഖ്യ-തൊഴില്‍ അനുപാതം 0.5 ശതമാനം വര്‍ധിച്ച് 48.0 ശതമാനമായി.

സൗദി പൗരന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായും 2025 ആദ്യ പാദത്തില്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.3 ശതമാനമാണ് കുറഞ്ഞത്. സൗദികളുടെ തൊഴില്‍പങ്കാളിത്തം നേരിയ തോതില്‍ വര്‍ധിച്ച് 51.3 ശതമാനത്തിലുമെത്തി. സൗദി വനിതകളുടെ തൊഴില്‍പങ്കാളിത്തം 36.3 ശതമാനമായും വര്‍ധിച്ചിട്ടുണ്ട്. സൗദി പുരുഷന്‍മാരുടെ തൊഴില്‍ പങ്കാളിത്തവും നേരിയ തോതില്‍ വര്‍ധിച്ച് 66.4 ശതമാനത്തിലെത്തി. ഇവര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്കില്‍ 0.3 ശതമാനം കുറവുമുണ്ടായി.

ജിഎസ്റ്റാറ്റിന്റെ കണക്കുകള്‍ പ്രകാരം തൊഴിലില്ലാത്ത സ്വദേശികളില്‍ 94.8 ശതമാനം പേരും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാനാണ് താല്‍പര്യപ്പെടുന്നത്. ഇവരിലുള്‍പ്പെട്ട സ്ത്രീകളില്‍ 76.1 ശതമാനവും, പുരുഷന്‍മാരില്‍ 86.3 ശതമാനവും ഒരു ദിവസം ചുരുങ്ങിയത് എട്ട് മണിക്കൂറെങ്കിലും ജോലി ചെയ്യാന്‍ തയാറാണ്. സൗദി സ്ത്രീകളില്‍ 58.7 ശതമാനവും പുരുഷന്‍മാരില്‍ 40.4 ശതമാനവും ജോലി സ്ഥലത്തേക്ക് ഒരു മണിക്കൂറിലേറെ യാത്ര ചെയ്യാനും തയാറാണ്.

Exit mobile version