റിയാദ്. വിദേശ പ്രതിഭകളേയും നിക്ഷേപങ്ങളേയും ആകര്‍ഷിക്കുന്നതിന് സൗദി അറേബ്യ കൂടുതല്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചു. ഇകണൊമിക് സിറ്റീസ് ആന്റ് സ്‌പെഷ്യല്‍ സോണ്‍സ് അതോറിറ്റിയും സകാത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയും മാനുഷ്യവിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയവും ചേര്‍ന്നാണ് വിവിധ നികുതി, തീരുവ ഇളവുകള്‍ നല്‍കുന്നത്. നിക്ഷേപകര്‍ക്ക് നികുതി ഒഴിവുകള്‍, വിസ നല്‍കല്‍, വിദേശ വിദഗ്ധ ജീവനക്കാര്‍ക്ക് തത്തുല്യ സാമ്പത്തിക ഇളവ് തുടങ്ങിയവയാണ് നല്‍കുക.
രാജ്യത്തെ പ്രത്യേക സാമ്പത്തിക മേഖലകളില്‍ (സെസ്) പ്രവര്‍ത്തിക്കുന്ന നിക്ഷേപകര്‍ക്കു മാത്രമാണ് ഈ ഇളവുകള്‍ ലഭിക്കുക. മികച്ച നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് സുതാര്യവും ലളിത നിയന്ത്രണങ്ങളുള്ളതുമായ നിക്ഷേപ അന്തരീക്ഷം ഒരുക്കുന്നത്.
നികുതി ഇളവിനു പുറമെ തൊഴില്‍ നിയന്ത്രണങ്ങളിലെ ഇളവ് ഉള്‍പ്പെടെ ആകര്‍ഷകമായ ആനൂകൂല്യങ്ങള്‍ നിക്ഷേപകര്‍ക്ക് ഉറപ്പാക്കുന്നതിന് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണ്. സെസുകളെ ഏറെ ആകര്‍ഷകവും മികച്ച മത്സരക്ഷമതയുമുള്ള നിക്ഷേപ ഇടങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ഇകണൊമിക് സിറ്റീസ് ആന്റ് സ്‌പെഷ്യല്‍ സോണ്‍സ് അതോറിറ്റി സെക്രട്ടറി ജനറല്‍ നബീര്‍ ഖോജ പറഞ്ഞു.
പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കുള്ളില്‍ തര്‍ക്ക പരിഹാരങ്ങള്‍ക്കും നിയമ വ്യവഹാരങ്ങള്‍ക്കുമായി പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ നീതിന്യായ മന്ത്രാലയം, സൗദി സെന്റര്‍ ഫോര്‍ കൊമേഴ്‌സ്യല്‍ ആര്‍ബിട്രേഷന്‍ എന്നിവരുമായി ചേര്‍ന്ന് കരാറായിട്ടുണ്ട്. ബിസിനസുകളുമായി ബന്ധപ്പെട്ട നിയമ പിന്തുണയ്ക്കും തര്‍ക്ക പരിഹാരത്തിനുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കേന്ദ്രങ്ങളായിരിക്കുമിത്.
സൗദി വിപണിയിലിറക്കുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള അനുമതികളും വിപണി പ്രവേശന നടപടികളും വേഗത്തിലാക്കാന്‍ ഉല്‍പ്പന്ന ഗുണനിലാവര നിര്‍ണയ നിയന്ത്രണ ഏജന്‍സിയായ സൗദി സ്റ്റാന്‍ഡേര്‍ഡ്‌സ് മെട്രോളജി ആന്റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍ (എസ്എഎസ്ഒ), സൗദി ഫൂഡ് ആന്റ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) എന്നീ ഏജന്‍സികളെ പിന്തുണയും സെസ് അതോറിറ്റി ഉറപ്പാക്കിയിട്ടുണ്ട്.