റിയാദ്: സ്വകാര്യ കമ്പനികൾ ജീവനക്കാര്‍ക്ക് കരാര്‍ പ്രകാരമുള്ള വേതനം കൃത്യസമയത്ത് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താൻ നടപ്പിലാക്കിയ വേതന സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ മുദദ് പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്യുന്നതിനുള്ള സാവകാശം 60 ദിവസത്തില്‍ നിന്ന് 30 ദിവസമാക്കി കുറച്ചു. പുതിയ സമയപരിധി മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തിലാകുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
വേതന സുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും സുതാര്യതാ നിലവാരം ഉയര്‍ത്താനും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. നിലവിൽ രണ്ടു മാസത്തെ വേതന സുരക്ഷാ ഫയലുകള്‍ മുദദ് പ്ലാറ്റ്ഫോമിൽ അപ്ലോഡ് ചെയ്യാന്‍ കഴിയും. സ്വകാര്യ സ്ഥാപനങ്ങൾ ഇതുപയോഗപ്പെടുത്തുന്ന രീതി സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കാലാവധി വെട്ടിക്കുറച്ചത്. വേതനം വിതരണം ചെയ്യേണ്ട തീയതി മുതല്‍ 30 ദിവസത്തിനുള്ളിൽ തന്നെ 91 ശതമാനം സ്ഥാപനങ്ങളും വേതന സുരക്ഷാ ഫയലുകൾ സമർപ്പിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തൊഴില്‍ അന്തരീക്ഷത്തില്‍ വിശ്വാസവും സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കാനുമാണ് ഫയലുകൾ സമർപ്പിക്കാനുള്ള സമയപരിധി കുറച്ചത്. പിഴ നടപടികള്‍ ഒഴിവാക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ വേതന സുരക്ഷാ ഫയലുകള്‍ മുദദ് പ്ലാറ്റ്ഫോം വഴി മുടങ്ങാതെ അപ്ലോഡ് ചെയ്യണമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.