Site icon saudibusinesstimes.com

17 ലക്ഷം; സൗദി ഓഹരി വിപണിയിൽ വനിതാ നിക്ഷേപകര്‍ ഏറുന്നു

റിയാദ്. സൗദി അറേബ്യയിലെ ഓഹരി വിപണിയിൽ (തദാവുൽ) സാന്നിധ്യ മെച്ചപ്പെടുത്തി വനിതാ നിക്ഷേപകർ. ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2024 നാലാം പാദം അവസാനത്തോടെ ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്ന വനിതകളുടെ എണ്ണം 16.83 ലക്ഷമായി ഉയർന്നു. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സാമ്പത്തിക വിപണിയായ തദാവുലിൽ നിക്ഷേപ പോർട്ട്‌ഫോളിയോകളുള്ള വനിതകളുടെ എണ്ണത്തിൽ 20,300 പേരുടെ പാദവാർഷിക വർധനയാണ് രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 2024ൽ ഒരു ലക്ഷത്തോളം വനിതാ നിക്ഷേപകരാണ് പുതുതായി ഓഹരി വിപണിയിലെത്തിയത്. 2023 നാലാം പാദത്തിൽ 15.9 ലക്ഷം വനിതകളായിരുന്നുവെങ്കിൽ ഇത്തവണ 91,400 പേരുടെ വർധനയാണുണ്ടായത്.

അതേസമയം, സൗദി ഓഹരി വിപണിയിലെ പുരുഷന്മാരുടെ എണ്ണം കഴിഞ്ഞ വർഷാവസാനത്തോടെ 49.2 ലക്ഷമായി ഉയർന്നു. വ്യക്തിഗത നിക്ഷേപകരുടെ എണ്ണം 66.04 ലക്ഷമായും ഉയർന്നു. ഇതും എക്കാലത്തെയും ഉയർന്ന നിരക്കാണ്. ഓഹരി വിപണിയിലെ മൊത്തം നിക്ഷേപകരുടെ കൈവശമുള്ള നിക്ഷേപ പോർട്ട്‌ഫോളിയോകളുടെ ആകെ എണ്ണം 1.3 കോടി ആയി ഉയർന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദി ഓഹരി വിപണിയുടെ ആകെ മൂല്യം 9.8 ട്രില്യണ്‍ റിയാലാണ്.

Exit mobile version