Site icon saudibusinesstimes.com

സൗദിയില്‍ ഒറ്റ ദിവസം മൂന്ന് പുതിയ LOT സ്റ്റോറുകള്‍ തുറന്ന്  ലുലു; കൂടുതൽ സ്റ്റോറുകൾ ഉടൻ

lulu lot store saudi arabia

റിയാദ്. കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന ലുലുവിന്റെ വാല്യൂ കൺസെപ്റ്റ് സ്റ്റോർ ആയ LOTന്റെ പുതിയ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറന്നു. മക്ക, സൈഹാത് (ഈസ്റ്റേൺ പ്രൊവിൻസ്), റിയാദ് എന്നിവിടങ്ങളിലാണ് ഒരേ ദിവസം സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ റോയൽ കമ്മീഷൻ ഫോർ മക്ക സിറ്റി ആൻഡ് ഹോളി സൈറ്റ്സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പാർട്ണർഷിപ്പ്‌സ് ജനറൽ മാനേജർ ഡോ. വലീദ് ബാസുലൈമാൻ ഉദ്ഘാടനം നിർവ്വഹിച്ചു. യുഎഇ കോൺസൽ ജനറൽ നാസർ ഹുവൈദ്ധീൻ തൈബൻ അലി അൽകെത്ബി, മക്ക മുനിസിപ്പാലിറ്റി ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പ്ലാനിങ്ങ് ഡയറക്ടർ ജനറൽ എഞ്ചിനീയർ യാസർ അത്താർ, വ്യവസായ പ്രമുഖരായ എഞ്ചിനീയർ അബ്ദുൽ അസീസ് അൽ സിന്ദി, ഷെയ്ഖ് ഇബ്രാഹിം അൽ രിഫാഇ തുടങ്ങിയവർ പങ്കെടുത്തു.

ഉപഭോക്താകളുടെ വാല്യു ഷോപ്പിങ്ങ് ആവശ്യകത കണക്കിലെടുത്താണ് ലോട്ട് സ്റ്റോറുകളു‌ടെ സാന്നിദ്ധ്യം ലുലു വിപുലമാക്കുന്നതെന്ന് എം.എ യൂസഫലി പറഞ്ഞു. പുതിയ നാല് ലോട്ട് സ്റ്റോറുകൾ കൂടി സൗദി അറേബ്യയിൽ ഉടൻ തുറക്കുമെന്നും സൗദി അറേബ്യയുടെ വിഷൻ 2030ന് പിന്തുണ നൽകുകയാണ് ലുലുവെന്നും അദ്ദേഹം വ്യക്തമാക്കി.

LOTൽ എന്തെല്ലാം? വിലയെത്ര?

എറ്റവും മികച്ച ഉൽപ്പന്നങ്ങള്‍ കുറഞ്ഞ നിരക്കിലാണ് ലോട്ട് സ്റ്റോറുകളിൽ ലഭ്യമാക്കിയിരിക്കുന്നത്.  22 റിയാലിൽ താഴെ വിലയിലാണ് മിക്ക ഉൽപ്പന്നങ്ങളും ലഭ്യമാക്കിയിരിക്കുന്നത്. വീട്ടുപകരണങ്ങൾ, കിച്ചൻവെയർ, ഫാഷൻ ഉൽപ്പന്നങ്ങൾ, ബ്യൂട്ടി പ്രൊഡ്ക്ട്സ് അടക്കം വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. പ്രാദേശിക സൗദി ഉൽപ്പന്നങ്ങൾക്കൊപ്പം ആഗോള ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ലോട്ടിലുണ്ട്

അല്‍ റുസഫിയയിലെ അബ്ദുള്ള അരീഫ് സ്ട്രീറ്റിലാണ് മക്കയിലെ ലോട്ട് സ്റ്റോര്‍. 43000 ചതുരശ്ര അടിയിലുള്ള  സ്റ്റോറില്‍ വൈവിധ്യമാർന്ന ശേഖരമാണ് ഉള്ളത്. 600 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ട്. സൈഹാത് അല്‍ മുസബ് റാഫി സ്ട്രീറ്റിലും, റിയാദില്‍ അല്‍ മലാസിലുമാണ് പുതിയ ലോട്ട് സ്റ്റോറുകള്‍. 24000 ചതുരശ്രയടി വലുപ്പത്തിലാണ് സൈഹാത് ലോട്ട് സ്റ്റോര്‍. 18772 ചതുരശ്രയടി വലുപ്പത്തിലാണ് റിയാദ് അല്‍ മലാസ് ലോട്ട് ഒരുങ്ങിയിരിക്കുന്നത്.

Exit mobile version