Site icon saudibusinesstimes.com

ഗള്‍ഫ് പ്രവാസികൾക്ക് ഇനി സൗദി ഓഹരി വിപണിയിൽ നേരിട്ട് നിക്ഷേപിക്കാം

saudi capital market authority

റിയാദ്. ഗൾഫ് രാജ്യങ്ങളിൽ താമസക്കാരായ വിദേശികൾക്ക് സൗദി ഓഹരി വിപണിയിൽ (തദാവുൽ) നേരിട്ട് നിക്ഷേപിക്കാനും ഓഹരി ഇടപാടുകൾ നടത്താനും വഴി തുറന്നു. ഇതടക്കമുള്ള നിക്ഷേപ രംഗത്തെ പുതിയ സമഗ്ര പരിഷ്കാരങ്ങൾക്കും നിയമ ഭേദഗതികൾക്കും സൗദി ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി അംഗീകാരം നൽകി. നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള നടപടിക്രമങ്ങളും ലഘൂകരിച്ചിട്ടുണ്ട്. രാജ്യത്തിനകത്തും വിദേശങ്ങളിലമുള്ള നിക്ഷേപർക്കായി ഓഹരി വിപണിയെ കൂടുതൽ ആകർഷകമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്കാരങ്ങൾ.

ഇതുവരെ ജിസിസി രാജ്യങ്ങളിലെ വിദേശികൾക്ക് സൗദി ഓഹരി വിപണി പൂർണമായും തുറന്നു നൽകിയിരുന്നില്ല. ഡെറ്റ് ഇൻസ്ട്രമെന്റ്, സമാന്തര വിപണിയായ നോമു, ഫണ്ടുകൾ തുടങ്ങിയവയിൽ മാത്രം പരിമിത നിക്ഷേപൾക്കെ  അവസരമുണ്ടായിരുന്നുള്ളൂ. എന്നാൽ പുതിയ നിയമഭേദഗതിയോടെ പ്രധാന ഓഹരി വിപണിയായ തദാവുൽ ഓൾ ഷെയർ ഇൻഡെക്സിൽ ലിസ്റ്റ് ചെയ്ത ഏതു ഓഹരിയും വാങ്ങാനും വിൽക്കാനും ഗൾഫിലെ പ്രവാസികൾക്ക് കഴിയും.

സൗദിയിൽ നിന്നോ, മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നോ താമസ കാലാവധി പൂർത്തിയാക്കി പ്രവാസം മതിയാക്കി സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോയാലും അവരുടെ നിക്ഷേപ അക്കൗണ്ട് നിലനിർത്താനും പ്രവർത്തിപ്പിക്കാനും കഴിയും. ഇത് സ്വന്തം നാടുകളിൽ നിന്ന് സൗദി ഓഹരി വിപണിയിൽ ഇടപാടുകൾ നടത്താൻ അവസരമൊരുക്കും.  നേരത്തെ തന്നെ സൗദിയിൽ ഒരു നിക്ഷേപ അക്കൗണ്ട് ഉണ്ടായിരിക്കണം എന്ന വ്യവസ്ഥയുണ്ട്.

ഈ മാറ്റത്തോടെ പുതിയൊരു നിക്ഷേപ വിഭാഗം കൂടി അവതരിപ്പിക്കപ്പെട്ടിരികക്കുകയാണ്. കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനും വിപണിയിലെ പണലഭ്യത മെച്ചപ്പെടുത്താനും പ്രാദേശിക സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും പുതിയ മാറ്റങ്ങൾ സഹായകമാകും.

Exit mobile version