saudibusinesstimes.com

IATA: ഏറ്റവും ഉയര്‍ന്ന ലാഭം കൊയ്യാനൊരുങ്ങി മിഡില്‍ ഈസ്റ്റിലെ വിമാന കമ്പനികള്‍

റിയാദ്. മിഡില്‍ ഈസ്റ്റ് മേഖലയിലെ വിമാന കമ്പനികള്‍ ഈ വര്‍ഷം ആഗോള വ്യോമയാന രംഗത്ത് ഏറ്റവും ഉയര്‍ന്ന ലാഭം നേടുമെന്ന് റിപ്പോര്‍ട്ട്. വിവിധ രാജ്യാന്തര വിമാന കമ്പനികളെ പിന്തള്ളി 2025ല്‍ ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള മേഖലയിലെ വിമാന കമ്പനികളുടെ ലാഭം മാര്‍ജിന്‍ 8.7 ശതമാനം ആയിരിക്കുമെന്ന് ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (IATA) വാര്‍ഷിക റിപോര്‍ട്ട് പ്രവചിക്കുന്നു. ഈ വര്‍ഷം മിഡില്‍ ഈസ്റ്റിലെ വിമാന കമ്പനികളുടെ അറ്റാദായം 620 കോടി ഡോളറായിരിക്കും. 2024ല്‍ ഇത് 610 കോടി ആയിരുന്നു. ഒരു യാത്രക്കാരനില്‍ നിന്ന് 27.20 ഡോളര്‍ തോതിലാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്ന ലാഭം.

സാമ്പത്തിക വൈവിധ്യവല്‍ക്കര പദ്ധതികളുടെ ഭാഗമായി സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ വ്യോമയാന, യാത്രാ, ടൂറിസം രംഗത്ത് നടത്തിവരുന്ന വന്‍കിട വികസന പദ്ധതികളാണ് മിഡില്‍ ഈസ്റ്റില്‍ വ്യോമയാന രംഗത്തെ മുന്നേറ്റത്തിന് ആക്കം കൂട്ടുന്നത്. മികച്ച സാമ്പത്തിക പ്രകടനം ബിസിനസ്, ടൂറിസം ആവശ്യങ്ങള്‍ക്കുള്ള വിമാന യാത്രകളുടെ ഡിമാന്‍ഡ് ഉയരാന്‍ സഹായകമായിട്ടുണ്ട്. യാത്രക്കാരില്‍ നിന്നുള്ള പ്രതിശീര്‍ഷ ലാഭം മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഏറ്റവും ഉയര്‍ന്നതായിരിക്കുമെന്നും അയാട്ട റിപോര്‍ട്ട് പറയുന്നു.

ആഗോള തലത്തില്‍ വിമാന കമ്പനികള്‍ ഈ വര്‍ഷം 3,600 കോടി ഡോളര്‍ ലാഭം നേടുമെന്നാണ് അയാട്ടയുടെ പ്രവചനം. കഴിഞ്ഞ വര്‍ഷം ഇത് 3,240 കോടി ഡോളര്‍ ആയിരുന്നു. ഈ രംഗത്തെ വരുമാനം 97,900 കോടി ഡോളറായിരിക്കും. നേരത്തെ ഒരു ലക്ഷം കോടി ഡോളറാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ചില മേഖലകളിലെ സാമ്പത്തിക അനിശ്ചിതത്വങ്ങളും വിതരശൃഖംലാ തടസ്സങ്ങളും വിലങ്ങായി.

willie walsh IATA

2025 ആദ്യ പകുതിയില്‍ ആഗോള വിപണിയില്‍ കാര്യമായ അനിശ്ചിതത്വങ്ങള്‍ ഉണ്ടായെങ്കിലും വിമാന കമ്പനികളുടെ പ്രകടനം 2024നെ മറികടക്കും. എങ്കിലും പ്രതീക്ഷിച്ചതിലും അല്‍പ്പം താഴെ ആയിരിക്കുമെന്നും അയാട്ട ഡയറക്ടര്‍ ജനറല്‍ വില്ലി വാല്‍ഷ് പറഞ്ഞു. ലാഭ നേട്ടത്തില്‍ നിര്‍ണായ പങ്ക് വ്യോമയാന ഇന്ധന വിലയിലുണ്ടായ ഇടിവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2024നെ അപേക്ഷിച്ച് ഇന്ധന വിലയില്‍ 13 ശതമാനം കുറഞ്ഞിട്ടുണ്ട്. വ്യാപാര പ്രതിസന്ധിയും ഉപഭോക്താക്കളുടെ ആത്മവിശ്വാസക്കുറവും വളര്‍ച്ചാ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷം വിമാന യാത്രക്കാരുടെ എണ്ണത്തിലും കാര്‍ഗോ നീക്കത്തിലും വര്‍ധന പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിമാനങ്ങള്‍ക്കായി നീണ്ട കാത്തിരിപ്പ്

വിപണിയില്‍ ആവശ്യമായ വിമാനങ്ങള്‍ സമയബന്ധിതമായി നിര്‍മിച്ചു നല്‍കാത്തതിന് വിമാന നിര്‍മാണ കമ്പനികളെ അയാട്ട മേധാവി വിമര്‍ശിച്ചു. നിലവില്‍ 17,000 വിമാനങ്ങള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറുകളാണ് കമ്പനികളുടെ പക്കല്‍ കെട്ടിക്കിടക്കുന്നത്. ഇത് പൂര്‍ണമായും വിപണിയിലെത്തിക്കണമെങ്കില്‍ 14 വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും. ഇത് വ്യോമയാന രംഗത്തെ വളര്‍ച്ചാ അവസരങ്ങള്‍ക്ക് തടസ്സമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മൊത്തം ഓര്‍ഡറുകളുടെ 26 ശതമാനം മാത്രമെ 2025ല്‍ ഡെലിവറി ചെയ്യാന്‍ സാധിക്കൂവെന്നാണ് പറയുന്നത്. ഇത് ഒരു വര്‍ഷം മുമ്പ് പറഞ്ഞതിലും കുറവാണ്. ഡിമാന്‍ഡ് ഉണ്ടായിട്ടും ഈ കാലതാമസം നേരിടുന്നത് വ്യോമയാന മേഖലയെ മോശമായി ബാധിക്കും. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഈ പതിറ്റാണ്ട് അവസാനം വരെ കാത്തിരിക്കണമെന്ന് വിമാന നിര്‍മാണ കമ്പനികള്‍ പറയുന്നത് അംഗീകരിക്കാനാകില്ലെന്നും വെല്‍ഷ് പറഞ്ഞു.

Exit mobile version