റിയാദ്. സൗദി അറേബ്യ- ചൈന ഉഭയകക്ഷി നിക്ഷേപങ്ങള്‍ പതിനായിരം കോടി ഡോളര്‍ കവിഞ്ഞതായി റിയാദില്‍ ചൈനീസ് എംബസിയില്‍ വിളിച്ചുചേര്‍ത്ത വാർത്താസമ്മേളനത്തില്‍ ചൈനീസ് എംബസി മിനിസ്റ്റര്‍ കൗണ്‍സിലര്‍ മാ ജിയാന്‍ പറഞ്ഞു. സൗദി അറേബ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ചൈന മുന്‍ഗണന നല്‍കുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര രാഷ്ട്രീയ വിശ്വാസമുണ്ട്. മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതില്‍ സൗദി അറേബ്യ പ്രധാന ശക്തിയാണ്. മേഖലയിലും അന്തര്‍ദേശീയ രംഗത്തും സൗദി അറേബ്യയുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനക്കു മേല്‍ ചുമത്തിയ അധിക തീരുവകളെ ചൈനീസ് സര്‍ക്കാര്‍ അപലപിക്കുന്നതായും തള്ളിക്കളയുന്നതായും മാ ജിയാന്‍ പറഞ്ഞു. ഇത്തരം നയങ്ങള്‍ അന്താരാഷ്ട്ര സമ്പദ് വ്യവസ്ഥയുടെ അടിത്തറ ദുർബലമാക്കുകയും തീരുവകളെ സ്വാർത്ഥത താൽപര്യങ്ങൾക്കുള്ള ആയുധമാക്കി മാറ്റുകയും ചെയ്യുന്നു. ആഗോള സാമ്പത്തിക ക്രമത്തെ അട്ടിമറിക്കാനാണ് പുതിയ നീക്കത്തിലൂടെ അമേരിക്ക ലക്ഷ്യമിടുന്നത്. സ്വതന്ത്ര വ്യാപാര തത്വങ്ങളേയും ആഗോള സമ്പദ്‌വ്യവസ്ഥ അടിസ്ഥാനമാക്കിയുള്ള ബഹുമുഖ സംവിധാനങ്ങളേയും ഇത് ദുർബലപ്പെടുത്തുമെന്നും മാ ജിയാന്‍ പറഞ്ഞു.