റിയാദ്. സൗദി അറേബ്യയില്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ പുതിയ ബിസിനസ് സംരംഭങ്ങൾക്ക് അനുവദിച്ച കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ (സി.ആർ) എണ്ണത്തില്‍ 48 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി വാണിജ്യ മന്ത്രാലയം. മൂന്നു മാസത്തിനിടെ 1.54 ലക്ഷത്തിലേറെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളാണ് അനുവദിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളുടെ എണ്ണം 16.8 ലക്ഷമായി.
ടൂറിസം, സാങ്കേതികവിദ്യ, വിനോദം എന്നിവയുമായി ബന്ധപ്പെട്ട പുതിയ സംരഭങ്ങളാണ് പുതുതായി രജിസ്ട്രേഷൻ ലഭിച്ചവയിൽ ഭൂരിഭാഗവും. അതിവേഗം വളരുന്ന ഇ-കൊമേഴ്സ് മേഖലയിലും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ വലിയ തോതില്‍ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം ഒന്നാം പാദത്തില്‍ ഇ-കൊമേഴ്സ് മേഖലയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകള്‍ ആറു ശതമാനം വര്‍ധിച്ച് 41,322 ആയി.
കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍, ട്രേഡ് നെയിം നിയമങ്ങള്‍, അവയുടെ ഭരണപരമായ ചട്ടങ്ങൾ എന്നിവ പരിഷ്കരിച്ചതിലൂടെ ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട നിയമ പരിസ്ഥിതി മെച്ചപ്പെട്ടു. രാജ്യത്തുടനീളം ഒരൊറ്റ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് ബിസിനസ് നടത്താന്‍ അവസരം ഒരുങ്ങിയത് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സ്ഥാപനങ്ങളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനും സഹായിക്കുന്നതായും വാണിജ്യ മന്ത്രാലയം പറഞ്ഞു.