റിയാദ്. സൗദിയില്‍ പ്രതിവര്‍ഷ ഈത്തപ്പഴ ഉല്‍പാദനം 19 ലക്ഷം ടണ്‍ ആയി ഉയര്‍ന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ. രാജ്യത്ത് ആകെ 3.71 കോടി ഈത്തപ്പനകളാണുള്ളത്. ഇതില്‍ 3.18 കോടി ഈത്തപ്പനകളും ഫലം കായ്ക്കുന്നവയാണ്. സൗദിയില്‍ ഏറ്റവുമധികം ഈത്തപ്പഴം ഉല്‍പാദിപ്പിക്കുന്നത് അല്‍ഖസീം പ്രവിശ്യയിലാണ്. ഇവിടെ പ്രതിവര്‍ഷം 5.78 ലക്ഷത്തിലേറെ ടണ്‍ ആണ് ഉല്‍പ്പാദനം.
രണ്ടാം സ്ഥാനത്ത് റിയാദ് പ്രവിശ്യയാണ്. ഇവിടെ പ്രതിവര്‍ഷം 4.53 ലക്ഷത്തിലേറെ ടണ്‍ ഈത്തപ്പഴം ഉല്‍പാദിപ്പിക്കുന്നു. മൂന്നാം സ്ഥാനത്തുള്ള മദീന പ്രവിശ്യയില്‍ 3.43 ലക്ഷം ടൺ, നാലാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 2.58 ലക്ഷത്തിലേറെ ടണ്‍, അഞ്ചാം സ്ഥാനത്തുള്ള അസീര്‍ പ്രവിശ്യയില്‍ 61,000 ടണ്‍, ആറാം സ്ഥാനത്തുള്ള തബൂക്കില്‍ 55,600 ലേറെ ടണ്‍ എന്നിങ്ങനെയാണ് ഉൽപ്പാദനം. ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 42,300, നജ്‌റാനില്‍ 12,900, മക്ക പ്രവിശ്യയില്‍ 42,200, അല്‍ബാഹയില്‍ 3,200, ജിസാനില്‍ 145ഉം ടണ്‍ ഈത്തപ്പഴം പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുന്നു.
ഏറ്റവും കൂടുതല്‍ ഈത്തപ്പനകളുള്ളത് അല്‍ഖസീമിലാണ്. ഇവിടെ ഫലം കായ്ക്കുന്ന 97 ലക്ഷം ഈത്തപ്പനകള്‍ അടക്കം ആകെ 1.07 കോടിയിലേറെ ഈത്തപ്പനകളുണ്ട്. റിയാദ് പ്രവിശ്യയില്‍ ഫലം കായ്ക്കുന്ന 68 ലക്ഷം പനകള്‍ ഉൾപ്പെടെ ആകെ 80 ലക്ഷത്തിലേറെ ഈത്തപ്പനകളുണ്ട്. മദീനയില്‍ 80 ലക്ഷം ഈത്തപ്പനകളുണ്ട്. ഇതില്‍ 64 ലക്ഷമാണ് ഫലം കായ്ക്കുന്നവ. കിഴക്കന്‍ പ്രവിശ്യയില്‍ ഫലം കായ്ക്കുന്ന 39 ലക്ഷം ഉൾപ്പെടെ ആകെ 40 ലക്ഷത്തിലേറെ ഈത്തപ്പനകളുമുണ്ട്.
സൗദിയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന ഈത്തപ്പഴ ഇനം ഖലാസ് ആണ്. 6.09 ലക്ഷം ടണ്‍ ആണ് ഇവയുടെ പ്രതിവർഷ ഉൽപ്പാദനം. റിയാദ്, കിഴക്കൻ പ്രവിശ്യകളിലാണ് പ്രധാനമായും ഖലാസ് വിളയുന്നത്. 94 ലക്ഷം ഈത്തപ്പനകളിലാണ് ഖലാസ് ഇനം വിളയുന്നത്. ഫലം കായ്ക്കാത്തവ ഉൾപ്പെടെ ഈ ഇനത്തിൽ ആകെ 1.08 കോടിയിലേരെ ഈത്തപ്പനകൾ രാജ്യത്തുണ്ട്.
മഞ്ഞ സുക്കരി ഇനമാണ് രണ്ടാമത്. അൽഖസീം, റിയാദ്, ഹായിൽ പ്രവിശ്യങ്ങളിൽ വിളയുന്ന ഇവയുടെ ഉൽപ്പാദനം 3.94 ലക്ഷത്തിലേറെ ടണ്‍ വരും. മദീന ബര്‍നി ഇനം 1.24 ലക്ഷത്തിലേറെ ടണ്ണും, ബര്‍ഹി ഇനം 1.03 ലക്ഷത്തിലേറെ ടണ്ണും ഉല്‍പാദിപ്പിക്കുന്നു. മഞ്ഞ സുക്കരി വിളയുന്ന 73 ലക്ഷം ഈത്തപ്പനകളാണുള്ളത്. ഇതില്‍ 66 ലക്ഷം ഫലം കായ്ക്കുന്നവയാണ്. ബര്‍നി മദീന ഇനത്തിൽ ഫലം തരുന്ന 23 ലക്ഷം ഈത്തപ്പനകള്‍ അടക്കം 30 ലക്ഷത്തിലേറെ ഈത്തപ്പനകളും ബര്‍ഹി ഇനത്തില്‍ പെട്ട ഫലം വിളയുന്ന 17 ലക്ഷം ഈത്തപ്പനകള്‍ അടക്കം 20 ലക്ഷത്തിലേറെ ഈത്തപ്പനകളും രാജ്യത്തുണ്ട്.