റിയാദ്. സൗദി അറേബ്യയിൽ നിന്ന് ഫെബ്രുവരിയിൽ പ്രവാസികൾ നാട്ടിലേക്കയച്ചത് 1278 കോടി റിയാൽ. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 37.04 ശതമാനമാണ് റെമിറ്റൻസിൽ വർധന രേഖപ്പെടുത്തിയതെന്ന് സൗദി സെൻട്രൽ ബാങ്ക് (SAMA) പുറത്തുവിട്ട കണക്കുകൾ പറയുന്നു. സൗദി പൗരന്മാർ നടത്തിയ പണമിടപാടുകൾ 33.53 ശതമാനം വർധിച്ച് 624 കോടി റിയാലിലെത്തി. ആഭ്യന്തര തൊഴിൽ വിപണിയിലെ ഉണർച്ചയാണ് ഈ വർധന സൂചിപ്പിക്കുന്നത്. വൻകിട പദ്ധതി പ്രവൃത്തികളുടെ അതിവേഗ പുരോഗതിയും സാമ്പത്തിക പ്രവർത്തനങ്ങളുടെ വർധനയും വിദേശ തൊഴിലാളികളുടെ ഡിമാൻഡ് വർധിപ്പിച്ചു. തൊഴിൽ നിയമനങ്ങൾ വർധിച്ചതോടെ സാങ്കേതികവിദ്യ, ധനകാര്യം, ആരോഗ്യം തുടങ്ങിയ സുപ്രധാന മേഖലകളിൽ ശമ്പള വർധനയും ഉണ്ടായി. ഇതാണ് പ്രവാസി പണമയക്കൽ വർധനയ്ക്ക് ആക്കം കൂട്ടിയ പ്രധാന ഘടകം.
ടസ്കൻ കൺസൾട്ടിംഗ് പ്രസിദ്ധീകരിച്ച 2025 സാലറി ഗൈഡ് പ്രകാരം, സൗദിയിലെ ശമ്പളം യുഎഇയെ അപേക്ഷിച്ച് ചില പ്രത്യേക ജോലികൾക്ക് ഏകദേശം 10-15 ശതമാനം കൂടുതലാണ്. ഇത് പ്രതിഭകളെ ആകർഷിക്കാനുള്ള സൗദിയുടെ തന്ത്രങ്ങളുടെ ഫലമായാണ് വിലയിരുത്തപ്പെടുന്നത്.
വിഷൻ 2030 പദ്ധതികളുടെ ഭാഗമായ മെഗാ നിർമാണ പദ്ധതികൾ നൈപുണ്യമുള്ള പ്രൊഫഷനുകളുടെ ഡിമാൻഡ് വർധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സുപ്രധാന തൊഴിൽ രംഗങ്ങളിൽ മത്സരാധിഷ്ഠിത ശമ്പള പാക്കേജുകളാണ് നൽകുന്നത്. കോവിഡ് കാലത്തെ അപേക്ഷിച്ച് ശമ്പള വർധന മിതമായ നിലയിലെത്തിയിട്ടുണ്ട്. മികച്ച ജോലിക്കാരെ നിലനിർത്താൻ കമ്പനികൾ ആകർഷകമായ ആനുകൂല്യങ്ങൾ നൽകി വരുന്നു.
സ്വദേശിവൽക്കര നയങ്ങളും പണമയക്കലിനെ സ്വാധീനിക്കുന്നു. സ്വദേശികളെ സ്വകാര്യ മേഖലയിൽ കൂടുതലായി ഉൾപ്പെടുത്തു വരികയും വിദേശ തൊഴിലാളികളുടെ ആശ്രിതർക്ക് ലെവി ഏർപ്പെടുത്തുകയും ചെയ്ത നയം തൊഴിൽ ഘടനയിൽ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, രാജ്യത്തിന്റെ അഭിമാന പദ്ധതികളായ വിഷൻ 2030 പ്രോജക്ടുകളുടെ ഭാഗമായി നിർമ്മാണം, അടിസ്ഥാന സൗകര്യം വികസനം, സേവനം എന്നീ മേഖലകളിൽ വിദേശ തൊഴിലാളികളുടെ ഡിമാൻഡ് മാറ്റമില്ലാതെ തുടരുന്നു.
സൗദി കറൻസിയുടെ സ്ഥിരത, നികുതി രഹിത വ്യക്തിഗത വരുമാനം, നികുതി രഹിത പണമയക്കൽ, മെച്ചപ്പെട്ട മണി ട്രാൻസ്ഫർ സംവിധാനങ്ങൾ എന്നിവ പ്രവാസികൾക്ക് പണമയക്കൽ എളുപ്പമാക്കുന്നു. പ്രവാസികളുടെ നാട്ടിലെ സാമ്പത്തിക പ്രതിസന്ധികളും പണമയക്കലിനെ ബാധിക്കുന്നുണ്ട്. 2023-ൽ ഈജിപ്തിൽ കറൻസി പ്രതിസന്ധി ഉണ്ടായപ്പോൾ അവിടേക്കുള്ള പണമയക്കൽ 31 ശതമാനം കുറഞ്ഞതായി വേൾഡ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
വരും വർഷങ്ങളിൽ എണ്ണ വില, തൊഴിൽ നയങ്ങൾ, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ വിദേശത്തേക്കുള്ള പ്രവാസികളുടെ പണത്തിന്റെ പ്രവാഹത്തെ സ്വാധീനിക്കും. യുഎസ് ഏർപ്പെടുത്തിയ തീരുവ സൗദിയെ നേരിട്ട് ബാധിക്കില്ലെങ്കിലും, അതിന്റെ പ്രതിഫലനങ്ങൾ ബാധിച്ചേക്കാം. യുഎസ് തീരുവയെ ചൊല്ലിയുള്ള വ്യാപാര യുദ്ധത്തിന്റെ ഫലമായി ആഗോള സാമ്പത്തിക വളർച്ചയുടെ വേഗത കുറഞ്ഞാൽ അത് എണ്ണ ഡിമാൻഡിനെ ദുർബലപ്പെടുത്തിയേക്കാം. യുഎസ് ഡോളർ കൂടുതൽ കരുത്ത് പ്രാപിച്ചാലും അത് സൗദിയിലെ ജീവിതച്ചെലവ് വർധിപ്പിച്ച് പ്രവാസികളുടെ പണമയക്കലിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.