റിയാദ്. സൗദി അറേബ്യയില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തില്‍ ഒരു വര്‍ഷത്തിനിടെ കാര്യമായ വര്‍ധന രേഖപ്പെടുത്തി. 2024ല്‍ 14,400 കോടി റിയാലാണ് പ്രവാസികള്‍ അവരുടെ രാജ്യങ്ങളിലേക്ക് അയച്ചതെന്ന് സൗദി സെന്‍ട്രല്‍ ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 2023നെ അപേക്ഷിച്ച് 14 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. ചില മേഖലകളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതും വേതനം മെച്ചപ്പെട്ടതുമാണ് ഈ വര്‍ധനയ്ക്ക് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 2023ല്‍ 12,680 കോടി റിയാലായിരുന്നു പ്രവാസി റെമിറ്റന്‍സ്. 2022ല്‍ 14,300 കോടി റിയാലും.
സൗദിയുടെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായ വിവിധ പദ്ധതികളുടെ പിന്‍ബലത്തില്‍ കരുത്തുറ്റ സാമ്പത്തിക വളര്‍ച്ച കൈവരിച്ചതും തൊഴിലവസരങ്ങള്‍ വര്‍ധിച്ചതും പ്രവാസികള്‍ക്ക് ഗുണമായി. നിര്‍മാണ രംഗത്തും സേവന മേഖലയിലുമുണ്ടായ വികസനമാണ് വിദേശ ജോലിക്കാര്‍ക്ക് ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്. സ്വകാര്യ മേഖലയില്‍ സൗദി പൗരന്മാരല്ലാത്ത ജോലിക്കാരുടെ എണ്ണം 2024ല്‍ 89 ലക്ഷമായി ഉയര്‍ന്നു. 3.5 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ഇതും പ്രവാസി റെമിറ്റന്‍സ് വര്‍ധനയെ സ്വാധീനിച്ചിട്ടുണ്ടെന്ന് സാമ്പത്തിക വിശകലന വിദഗ്ധയായ റവാന്‍ ബിന്‍ റുബയാന്‍ പറയുന്നു.
ചില മേഖലകളില്‍ ശമ്പളം വര്‍ധിച്ചതും റെമിറ്റന്‍സ് വര്‍ധനയില്‍ ഒരു ഘടകമാണ്. നിര്‍മാണ മേഖലയില്‍ ഒരു വിദേശ തൊഴിലാളിയുടെ ശരാശരി മാസ വേതനം 2024ല്‍ 4200 റിയാലായി വര്‍ധിച്ചിട്ടുണ്ട്. 2023ല്‍ ഇത് 3,850 റിയാല്‍ ആയിരുന്നു. ഡോളറിനെതിരെ സൗദി റിയാലിന്റെ വിനിമയ നിരക്ക് 3.75 റിയാല്‍ എന്ന തോതില്‍ സ്ഥിരമായി നിലനിന്നതും റെമിറ്റന്‍സ് വര്‍ധനയെ സഹായിച്ചിട്ടുണ്ട്.
സൗദിയില്‍ ജീവിതച്ചെലവ് വര്‍ധിച്ചതും ഈ വര്‍ധനയില്‍ മറ്റൊരു ഘടകമാണ്. ഉപഭോക്തൃ വില സൂചിക 2024ല്‍ 2.5 ശതമാനമാണ് വര്‍ധിച്ചത്. ഇതോടെ ഒട്ടേറെ പ്രവാസികളും തങ്ങള്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ വലിയൊരു ഭാഗം നാട്ടിലേക്കയക്കാന്‍ നിര്‍ബന്ധിതരായി. വാടക, അവശ്യവസ്തുക്കളുടെ വില എന്നിവയിയും വര്‍ധനയുണ്ടായി.