കുവൈത്ത് സിറ്റി. കുവൈത്തിൽ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരെന്ന് പുതിയ കണക്കുകൾ. 2024 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം 10,00,726 ഇന്ത്യക്കാരാണ് രാജ്യത്തുള്ളതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. മുൻ വർഷത്തെ അപേക്ഷിച്ച് 0.7 ശതമാനം വർധന രേഖപ്പെടുത്തി. കുവൈത്ത് ജനസംഖ്യയിൽ മുന്നിൽ സ്വദേശികൾ തന്നെയാണ്. 15,67,983 ആണ് കുവൈത്തികളുടെ ജനസംഖ്യ. 1.3 ശതമാനമാണ് വർധന.
രണ്ടാം സ്ഥാനത്തുള്ള ഏറ്റവും വലിയ പ്രവാസി സമൂഹം ഈജിപ്തുകാരാണ്. ഇവർ 6,57,280 പേരാണ്. രണ്ട് ശതമാനമാണ് വർധന. മൂന്നാം സ്ഥാനത്തുള്ള ബംഗ്ലാദേശുകാരുടെ ആറു ശതമാനം വര്‍ധിച്ച് 2,92,810 പേരിലെത്തി. നാലാം സ്ഥാനത്ത് ഫിലിപ്പിനോകളാണ് (2,23,482). ഫിലിപ്പിനോകളുടെ എണ്ണം ഒരു വര്‍ഷത്തിനിടെ 16.3 ശതമാനം കുറഞ്ഞു.
അഞ്ചാം സ്ഥാനത്തുള്ള സിറിയക്കാരുടെ എണ്ണം 11.8 ശതമാനം വര്‍ധിച്ച് 1,83,103 ആയി. ശ്രീലങ്കക്കാർ ആറാം സ്ഥാനത്താണ് (1,45,633). 14.4 ശതമാനം വര്‍ധിച്ചു. ഏഴാം സ്ഥാനത്ത് സൗദികൾ 1,42,760 പേരുണ്ട്. സൗദികളുടെ എണ്ണത്തില്‍ 2.3 ശതമാനം വളര്‍ച്ചയുണ്ടായി. എട്ടാം സ്ഥാനത്തുള്ള നേപ്പാളികളുടെ എണ്ണം 1,07,489ല്‍ നിന്ന് 1,40,441 ആയി ഉയര്‍ന്നു. 23.4 ശതമാനം വര്‍ധിച്ചു. ഒമ്പതാം സ്ഥാനത്തുള്ള പാക്കിസ്ഥാനികളുടെ എണ്ണം മൂന്നു ശതമാനം വര്‍ധിച്ച് 94,749 ആയതായും പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.