ജിദ്ദ. ആഫ്രിക്കയിലും മധ്യേഷ്യയിലും വിദ്യാഭ്യാസം, ഊർജം, പ്രാദേശിക, അന്തർദേശീയ കണക്റ്റിവിറ്റി, തൊഴിലവസരങ്ങൾ, ഭക്ഷ്യസുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇസ്‌ലാമിക് ഡെവലപ്‌മെൻ്റ് ബാങ്ക് 575.63 മില്യൺ ഡോളർ ധനസഹായം അനുവദിച്ചു. ഐഎസ്ഡിബി പ്രസിഡൻ്റ് ഡോ. മുഹമ്മദ് അൽ ജാസറിന്റെ അധ്യക്ഷതയിൽ ചേർന്ന എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ബോർഡാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഈ രാജ്യങ്ങളുടെ ദേശീയ വികസന പദ്ധതികൾക്കും മുൻഗണനകൾക്കുമനുസരിച്ച് സുസ്ഥിര വികസന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി ഈ ധനസഹായം പ്രയോജനപ്പെടുത്തും.
ഗിനിയയിൽ രണ്ട് ഊർജ്ജ, കണക്റ്റിവിറ്റി പദ്ധതികൾ, കിർഗിസ്ഥാനിലും ഉസ്ബെക്കിസ്ഥാനിലും രണ്ട് വിദ്യാഭ്യാസ പദ്ധതികൾ, കസാക്കിസ്ഥാനിൽ ഒരു ഗതാഗത കണക്റ്റിവിറ്റി പദ്ധതി, ടുണീഷ്യയിൽ ഒരു അഗ്രി-ഫുഡ് എംഎസ്എംഇ പദ്ധതി, ബെനിനിൽ ഒരു ഗ്രാമീണ വൈദ്യുതീകരണ പദ്ധതി എന്നിവയ്ക്ക് ഐഎസ്ഡിബി അംഗീകാരം നൽകി. സെനഗലുമായുള്ള ഗിനിയയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള 140 മില്യൻ യൂറോയുടെ ഗിനിയ-സെനഗൽ റോഡ് കോറിഡോർ നിർമ്മാണ പദ്ധതിയും ഇതിലുൾപ്പെടും.
ഇതോടെ ഐഎസ്ഡിബി അനുമതി നൽകുന്ന വാർഷിക വികസന ധനസഹായ പദ്ധതികളുടെ മൂല്യം അഞ്ച് ബില്യൻ ഡോളർ കവിഞ്ഞെന്നും ഐഡിബിയുടെ ചരിത്രത്തിൽ ഇതൊരു നാഴികക്കല്ലാണെന്നും അൽ ജാസർ പറഞ്ഞു.
കാര്യക്ഷമമായ സേവന ലഭ്യത, വിപണി പ്രവേശനം, മെച്ചപ്പെട്ട റോഡുകൾ, കുറഞ്ഞ ഗതാഗതച്ചെലവ്, കൃഷി പ്രോത്സാഹനം, പടിഞ്ഞാറൻ ആഫ്രിക്കയിലുടനീളം പ്രാദേശിക സാമ്പത്തിക സംയോജനം എന്നീ പ്രയോജനങ്ങളാണ് ഈ പദ്ധതികൾ വഴി ഈ രാജ്യങ്ങൾക്ക് ലഭിക്കുക. ഇത് ജനങ്ങളുടെ ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്താനും സഹായകമാകും.
ഇതിനുപുറമെ ഗിനിയയിലെ രണ്ടാമത്തെ വലിയ നഗരമായ കങ്കണിൽ 40 മെഗാവാട്ട് തെർമൽ പവർ പ്ലാൻ്റ് നിർമ്മിക്കുന്നതിന് 80 മില്യൺ ഡോളർ ധനസഹായവും ഐഎസ്‌ഡിബി അനുവദിച്ചു.