റിയാദ്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ നിന്ന് വിവിധ വിദേശ നഗരങ്ങളിലേക്ക് ടിക്കറ്റ് നിരക്ക് കുറവ് ദേശീയ വിമാന കമ്പനിയായ സൗദിയ എയർലൈൻസിൽ. മാഡ്രിഡ് ആസ്ഥാനമായ പ്രമുഖ എയർലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോമായ അമാദിയുസിൽ നിന്നും ട്രാവൽ ഏജൻസികളിൽ നിന്നുമുള്ള ടിക്കറ്റ് വിവരങ്ങൾ വിശകലനം ചെയ്താണ് കുറഞ്ഞ നിരക്കുള്ള വിമാന കമ്പനിയെ കണ്ടെത്തിയത്. റിയാദിൽ നിന്ന് ദുബായ്, ഇസ്താംബുൽ, ലണ്ടൻ, പാരിസ്, കെയ്റോ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ അതത് രാജ്യങ്ങളുടെ ഔദ്യോഗിക വിമാന കമ്പനികളുടെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ സൗദിയയുടെ നിരക്ക് വളരെ കുറവാണ്.
ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുകള്‍ ഈടാക്കുന്നത് യുഎഇ വിമാന കമ്പനിയായ എമിറേറ്റ്സ് ആണ്. റിയാദില്‍ നിന്ന് ദുബായിലേക്ക് മടക്കയാത്ര ഉൾപ്പെടെയുള്ള ടിക്കറ്റിന് ഏകദേശം 1,615 റിയാലാണ് എമിറേറ്റ്‌സ് ഈടാക്കുന്നത്. സൗദിയയില്‍ ഇത് 840 റിയാൽ മാത്രമാണ്. രണ്ടാം സ്ഥാനത്തുള്ള ടര്‍ക്കിഷ് എയര്‍ലൈന്‍സ് റിയാദില്‍ നിന്ന് ഇസ്താംബൂളിലേക്കുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റിന് ഏകദേശം 1,950 റിയാലാണ്. സൗദിയയില്‍ ഇത് 1,300 റിയാലാണ്. റിയാദില്‍ നിന്ന് ലണ്ടനിലേക്കുള്ള റിട്ടേണ്‍ ടിക്കറ്റിന് ബ്രിട്ടീഷ് എയര്‍വെയ്‌സ് ഈടാക്കുന്നത് ഏകദേശം 3,500 റിയാലാണ്. സൗദിയയില്‍ ഇതേ റൂട്ടില്‍ 2,600 റിയാലാണ് നിരക്ക്. നാലാം സ്ഥാനത്തുള്ള എയര്‍ ഫ്രാന്‍സ് റിയാദില്‍ നിന്ന് പാരീസിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് 2,650 റിയാൽ ഈടാക്കുന്നു. ഇത് സൗദിയയില്‍ 2,200 റിയാലാണ്.
അഞ്ചാം സ്ഥാനത്ത് ഈജിപ്ത് എയര്‍ ആണ്. റിയാദില്‍ നിന്ന് കയ്റോയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് 2,904 റിയാൽ ഈടാക്കുന്നു. സൗദിയയില്‍ 2,600 റിയാലാണ് നിരക്ക്. അതേസമയം, റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സില്‍ ടിക്കറ്റ് നിരക്ക് സൗദിയയെക്കാള്‍ 39 ശതമാനം കുറവാണ്. റിയാദ്-അമ്മാന്‍ റിട്ടേണ്‍ ടിക്കറ്റിന് റോയല്‍ ജോര്‍ദാനിയനില്‍ 1,810 റിയാലും സൗദിയയില്‍ 2,510 റിയാലുമാണ്. ജൂണ്‍ മൂന്നിന് പുറപ്പെട്ട് ജൂണ്‍ 23ന് തിരിച്ചെത്തുന്നതിനുള്ള ടിക്കറ്റ് നിരക്കുകളാണിവ. ഈ നിരക്കുകളെല്ലാം നേരിട്ടുള്ള സർവീസുകളുടേതാണ്. ബജറ്റ് വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.
വിമാന യാത്രയ്ക്ക് സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ലഭ്യമായ വിമാന കമ്പനികളുടെ ടിക്കറ്റ് നിരക്കുകൾ താരതമ്യം ചെയ്താണ് യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. ബുക്കിംഗ് സമയം, വിമാനത്തിലെ സീറ്റുകളുടെ ലഭ്യത എന്നിവ ഉള്‍പ്പെടെ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ടിക്കറ്റ് നിരക്കുകളില്‍ കാര്യമായ വ്യത്യാസമുണ്ടാകും. ഡിമാൻഡും ലഭ്യതയും അടിസ്ഥാനമാക്കി ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്ന ഡൈനമിക് പ്രൈസിങ് രീതി മൂലമാണിത്. യാത്ര തീയതി അടുക്കുംതോറും നിരക്കുകൾ വർധിക്കും. കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍ ഉറപ്പാക്കാൻ ഫലപ്രദമായ മാര്‍ഗം നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക എന്നതാണ്. നേരത്തെ ബുക്ക് ചെയ്യുമ്പോള്‍ എയര്‍ലൈനുകള്‍ മികച്ച നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നു. ഒരു വിമാനത്തില്‍ ലഭ്യമായ സീറ്റുകളുടെ എണ്ണവും വില നിശ്ചയിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്. ബുക്ക് ചെയ്യാതെ ശേഷിക്കുന്ന സീറ്റുകള്‍ കുറയുംതോറും ടിക്കറ്റ് നിരക്ക് കൂടും.