റിയാദ്. സൗദി അറേബ്യയില്‍ ബിസിനസ് തുടങ്ങാനിരിക്കുന്ന സംരംഭകര്‍ക്കും നിലവില്‍ ബിസിനസ് ചെയ്യുന്നവര്‍ക്കും വലിയ വളര്‍ച്ചാ അവസരങ്ങള്‍ക്ക് വഴിയൊരുക്കുന്ന പുതിയ നിയമ മാറ്റങ്ങള്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. കമ്പനി തുടങ്ങുന്നതിനുള്ള പ്രധാന നിയമങ്ങളാണ് പൊളിച്ചെഴുതിയിരിക്കുന്നത്. കൊമേഴ്‌സ്യല്‍ രജിസ്റ്റര്‍, ട്രേഡ് നെയിം എന്നിവ സംബന്ധിച്ച നിയമങ്ങളാണ് വാണിജ്യ മന്ത്രാലയം പരിഷ്‌കരിച്ചത്.
ഒരു കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ (സി.ആര്‍) ഉപയോഗിച്ച് രാജ്യത്ത് എവിടേയും ബിസിനസ് തുടങ്ങാം എന്നതാണ് ഏറ്റവും വലിയ മാറ്റം. മറ്റു നഗരങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കുമ്പോള്‍ അവിടെ പുതിയ സിആര്‍ ഇനി എടുക്കേണ്ടതില്ല. ഒരു സ്ഥാപനത്തിന് ഇനി ഒറ്റ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ മാത്രം മതി. ഈ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധിയും എടുത്തു കളഞ്ഞു. പകരം ഇനി എല്ലാ വര്‍ഷവും നിശ്ചിത സമയപരിധിക്കുള്ളില്‍ കമ്പനിയുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് സ്ഥിരീകരിച്ചാല്‍ മാത്രം മതി.
പുതിയ നിയമപ്രകാരം സി.ആര്‍ നമ്പര്‍ ഇനി സ്ഥാപനത്തിന്റെ യൂനിഫൈഡ് നമ്പര്‍ ആയി പരിഗണിക്കപ്പെടും. 7ല്‍ തുടങ്ങുന്ന നമ്പറാണിത്. ഒരു സ്ഥാപനത്തിനു കീഴിലുള്ള മറ്റു രജിസ്‌ട്രേഷനുകള്‍ ഏകീകരിച്ച് ഒറ്റ രജിസ്‌ട്രേഷനു കീഴിലാക്കാന്‍ അഞ്ചു വര്‍ഷം സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലാവധിക്കുള്ളില്‍ എല്ലാ സ്ഥാപനങ്ങളും പുതിയ ചട്ടങ്ങള്‍ പ്രകാരം പദവി ശരിയാക്കണമെന്നാണ് നിര്‍ദേശം.
മറ്റൊരു പ്രധാന മാറ്റം ട്രേഡ് നെയിം രജിസ്‌ട്രേഷന്‍ സംബന്ധിച്ചുള്ളതാണ്. ഇനി മുതല്‍ ഇംഗ്ലീഷിലുള്ള പേരുകളും അക്കങ്ങളും ട്രേഡ് നെയിം ആയി റിസര്‍വ് ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും അനുവദിക്കും. ഇതുവരെ അറബി പേരുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. ഇതര ഭാഷകളിലുള്ള അക്ഷരങ്ങളോ അക്കങ്ങളോ അനുവദിച്ചിരുന്നില്ല. പുതിയ നിയമ പ്രകാരം ട്രേഡ് നെയിം കമ്പനികളുമായി ബന്ധമില്ലാതെ സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ കഴിയും. കൈമാറ്റവും ഉടമസ്ഥത മാറ്റവും അനുവദിച്ചു. അതേസമയം, വേറിട്ട ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആണെങ്കിലും സാമ്യതയുള്ളതോ സമാനമായതോ ആയ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ല. കുടുംബ പേരുകളും സ്ഥലപ്പേരുകളും ട്രേഡ് നെയിം ആയി രജിസ്റ്റര്‍ ചെയ്യുന്നതിന് ചില നിയന്ത്രണങ്ങളും പുതുതായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കപ്പെടുന്നതോ, വിലക്കപ്പെട്ടതോ ആയ പേരുകള്‍ ഉപയോഗിക്കുന്നതിന് ചില മാനദണ്ഡങ്ങളും നിശ്ചിയിച്ചിട്ടുണ്ട്.