svg

സൗദിയില്‍ കപ്പലുകള്‍ക്ക് കർശന വ്യവസ്ഥകള്‍ ഏർപ്പെടുത്തുന്നു

SBT DeskNEWS6 days ago11 Views

ജിദ്ദ. സുരക്ഷയും സേവന ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി കപ്പലുകൾക്ക് കർശന വ്യവസ്ഥകൾ ഏർപ്പെടുത്താനൊരുങ്ങുന്നു. സൗദി ജലാതിര്‍ത്തിയില്‍ സര്‍വീസുകള്‍ നടത്തുന്ന കപ്പലുകള്‍ക്ക് ബാധകമാകുന്ന പുതിയ വ്യവസ്ഥകൾ പൊതുജനങ്ങളുടേയും വിദഗ്ധരുടേയും അഭിപ്രായ നിർദേശങ്ങൾക്കായി പരസ്യപ്പെടുത്തി. നിലവിലുള്ള ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ റദ്ദാക്കുകയും പുതിയവ കൂട്ടിച്ചേർക്കുകയും പിഴകളും ശിക്ഷകളും പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. വ്യവസ്ഥകളിൽ കൂടുതൽ വ്യക്തത വരുത്താനും മികച്ച രീതിയിൽ അവ നടപ്പിലാക്കുന്നത് ഉറപ്പാക്കാനുമാണ് പുതിയ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. കപ്പലുകളുമായി ബന്ധപ്പെട്ട ചില നിർവചനങ്ങളിൽ കൂടുതൽ വ്യക്തത വരുത്തിയിട്ടുണ്ട്. സുപ്രധാന പദ്ധതികളുടെ ഭാഗമായി പ്രവർത്തിക്കുന്ന കപ്പലുകൾക്ക് അന്താരാഷ്ട്ര കരാറുകൾക്കനുസരിച്ച് ഇളവ് നൽകാനും വ്യവസ്ഥകളിൽ നിന്ന് ഒഴിവാക്കാനും പുതിയ ചട്ടങ്ങളിൽ വകുപ്പുണ്ട്. സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കുക, നിയമലംഘനങ്ങൾ കുറയ്ക്കുക, നീതി ഉറപ്പാക്കുക എന്നിവയാണ് ഈ ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നത്.

എണ്ണ, ചരക്ക് നീക്കം, ഡ്രില്ലിംഗ് എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ കപ്പലുകൾക്ക് 20 വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടാകാൻ പാടില്ല എന്നതാണ് പ്രധാന വ്യവസ്ഥകളിലൊന്ന്. യാത്രാ സേവനങ്ങൾക്ക് ഉപയോഗിക്കുന്ന കപ്പലുകൾക്ക് 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കവും പാടില്ല. കാലപ്പഴക്കമുള്ള കപ്പലുകൾക്ക് നാവിഗേഷൻ ലൈസൻസ് നൽകില്ല.

വിനോദ, മത്സ്യബന്ധന കപ്പലുകളും ബോട്ടുകളും അനുവദനീയ ഭാരത്തിൽ കൂടുതൽ ഭാരവുമായി സഞ്ചരിക്കാൻ പാടില്ല. ഉടമസ്ഥാവകാശ രേഖയിലുള്ള ഭാര പരിധി പാലിക്കണമെന്ന ഉപഖണ്ഡിക കൂടി നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20 മീറ്ററില്‍ താഴെ നീളമുള്ള മത്സ്യബന്ധന ബോട്ടുകളും 11 മീറ്ററില്‍ താഴെ നീളമുള്ള ഉല്ലാസ ബോട്ടുകളും തീരത്തു നിന്ന് അഞ്ച് നോട്ടിക്കല്‍ മൈൽ പരിധിക്കുള്ളിലായിരിക്കണം. ഇതിനപ്പുറം കടലിൽ പോകാൻ പാടില്ല. ഇത്തരം ബോട്ടുകളില്‍ എല്ലായ്പ്പോഴും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും സജ്ജീകരണങ്ങളും ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. കപ്പലുകള്‍ക്കായുള്ള ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം സ്ഥാപിച്ച് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ പ്രതിദിനം 10,000 റിയാല്‍ പിഴ ചുമത്തും. കപ്പലില്‍ അപകട സിഗ്‌നലിംഗ് ഉപകരണം, മറൈന്‍ റേഡിയോ കമ്മ്യൂണിക്കേഷന്‍ ഉപകരണം തുടങ്ങിയവ ഇല്ലെങ്കിലും ഇതാണ് പിഴ തുക. ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ഇല്ലെങ്കില്‍ ഓരോ ദിവസത്തിനും 5,000 റിയാല്‍ പിഴ ചുമത്തും.

Join Us
  • Facebook38.5K
  • X Network32.1K
  • Behance56.2K
  • Instagram18.9K

Stay Informed With the Latest & Most Important News

[mc4wp_form id=314]
svg
Loading Next Post...
svg Sign In/Sign Up svgSearch
Scroll to Top
Loading

Signing-in 3 seconds...

Signing-up 3 seconds...