അബുദാബി. യുഎഇയുടെ ദേശീയ കറൻസിയായ ദിർഹമിന് പുതിയ ചിഹ്നം അവതരിപ്പിച്ചു. ഡിജിറ്റൽ ദിർഹമിനും പുതിയ ചിഹ്നം യുഎഇ സെൻട്രൽ ബാങ്ക് പുറത്തിറക്കി. ഇംഗ്ലീഷിൽ ദിർഹം എന്നെഴുമ്പോൾ ആദ്യം വരുന്ന ഡി എന്ന അക്ഷരവും, കുറുകെ രണ്ട് തിരശ്ചീന രേഖകളുമാണ് പുതിയ ചിഹ്നം. യുഎഇ പതാകയേയും കറൻസിയുടെ സ്ഥിരതയേയും സൂചിപ്പിക്കുന്നതാണ് ഈ രണ്ട് രേഖകൾ. പതാകയുടെ നിറത്തിലുള്ള വൃത്തത്തിനുള്ളിൽ ഈ ചിഹ്നം ഉൾപ്പെടുത്തിയതാണ് ഡിജിറ്റൽ ദിർഹം ചിഹ്നം. ദേശാഭിമാനത്തേയും ദേശീയ സ്വത്തത്തേയും ഇത് പ്രതിനിധീകരിക്കുന്നു.
യുഎഇ കറന്‍സിയുടെ ഉപയോഗം ആഗോളതലത്തില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രധാന ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയില്‍ യുഎഇയെ അടയാളപ്പെടുത്താന്‍ പുതിയ ദിര്‍ഹം ചിഹ്നം സഹായകമാകും. ആഗോള വിപണികളില്‍ യുഎഇയുടെ കറന്‍സിയെ ഇനി ഈ ചിഹ്നമായിരിക്കും പ്രതിനിധീകരിക്കുക. ആഴ്ചകൾക്കു മുമ്പാണ് സൗദി അറേബ്യ ദേശീയ കറന്‍സിയായ റിയാലിന് പുതിയ ചിഹ്നം അവതരിപ്പിച്ചത്. അറബ് മേഖലയില്‍ സുപ്രധാന സാമ്പത്തിക കേന്ദ്രങ്ങളെന്ന നിലയില്‍ ഇരു രാജ്യങ്ങളുടേയും കറന്‍സികള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ ദൃശ്യപരത ലഭിക്കാന്‍ ഇതു സഹായകമാകും.
യുഎഇ 2023ല്‍ ആരംഭിച്ച ഫിനാന്‍ഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ പദ്ധതിയുടെ പ്രധാന ഭാഗമായ ഡിജിറ്റല്‍ ദിര്‍ഹമിനെ കുറിച്ചുള്ള പുതിയ വിവരങ്ങളും സെന്‍ട്രല്‍ ബാങ്ക് വെളിപ്പെടുത്തി. റീട്ടെയില്‍ വിപണിയിൽ ഈ വർഷം അവസാന പാദത്തിൽ ഡിജിറ്റൽ ദിർഹം അവതരിപ്പിക്കും. ബാങ്കുകള്‍, മണി എക്സ്ചേഞ്ചുകള്‍, ധനകാര്യ കമ്പനികള്‍, ഫിന്‍ടെക് സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ ലൈസന്‍സുള്ള ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന വ്യക്തികൾക്കും ബിസിനസുകൾക്കും ഡിജിറ്റല്‍ ദിര്‍ഹം സ്വന്തമാക്കാം. സാധാരണ കറൻസി നോട്ടുകൾക്കൊപ്പം സാര്‍വത്രിക പേയ്മെന്റ് രീതിയായി ഡിജിറ്റൽ ദിർഹമിനും നിയമസാധുത ഉണ്ടാകും. ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയില്‍ രൂപം നൽകിയ ഈ ഡിജിറ്റൽ കറൻസി സാമ്പത്തിക ഇടപാട് ചെലവ് കുറക്കുകയും ഡാറ്റ സ്വകാര്യതയും റിസ്‌ക് മാനേജ്മെന്റും മെച്ചപ്പെടുത്തുകയും ചെയ്യും. കൂടുതൽ കാര്യക്ഷമവും സുരക്ഷിതവുമാണ്.
ഡിജിറ്റല്‍ ദിര്‍ഹമിന്റെ ഉപയോഗം വ്യാപിപ്പിക്കാൻ ഡിജിറ്റല്‍ ദിര്‍ഹം വാലറ്റ് ഉള്‍ക്കൊള്ളുന്ന സുരക്ഷിത പ്ലാറ്റ്ഫോമും വികസിപ്പിച്ചിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ റീട്ടെയില്‍, മൊത്തവ്യാപാരം, രാജ്യാന്തര പണമിടപാടുകൾ, പണം കൈമാറ്റം, പിന്‍വലിക്കൽ എന്നിവയുള്‍പ്പെടെ വിവിധ ഇടപാടുകള്‍ സാധ്യമാകും. യുഎഇയുടെ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ വികസിക്കുന്നതിനനുസരിച്ച് പുതിയ സാമ്പത്തിക സേവനങ്ങളും ഈ പ്ലാറ്റ്ഫോമിൽ ഉൾക്കൊള്ളിക്കും.