ജിദ്ദ. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തെ അപേക്ഷിച്ച് 2024 നവംബറിൽ സൗദി അറേബ്യയിലെ ബാങ്കുകളുടെ ലാഭത്തില്‍ 14 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 700 കോടി റിയാലാണ് ഇക്കാലയളവിലെ ലാഭം. പലിശ നിരക്കുകള്‍ കുറഞ്ഞിട്ടും, വായ്പകൾ വര്‍ധിച്ചത് ഉയര്‍ന്ന ലാഭം നേടാന്‍ ബാങ്കുകളെ സഹായിച്ചു. 2023 നവംബര്‍ മാസത്തെ അപേക്ഷിച്ച് ഈ നവംബറില്‍ ബാങ്ക് വായ്പകള്‍ 13 ശതമാനം വര്‍ധിച്ച് 2.93 ട്രില്യൻ റിയാലായി. സെപ്റ്റംബര്‍ മുതല്‍ സൗദിയില്‍ പലിശ നിരക്കുകള്‍ കുറയാന്‍ തുടങ്ങിയിട്ടുണ്ട്.
2024 ഒക്‌ടോബര്‍ മാസത്തെ അപേക്ഷിച്ച് നവംബറില്‍ ബാങ്കുകളുടെ ലാഭം ഒമ്പതു ശതമാനം കുറഞ്ഞു. 12 മാസത്തിനിടെ കൈവരിച്ച ശരാശരി ലാഭത്തെക്കാള്‍ കുറവായിരുന്നു നവംബറിലെ ലാഭം. 12 മാസത്തിനിടെ സൗദി ബാങ്കുകള്‍ പ്രതിമാസം ശരാശരി 726 കോടി റിയാല്‍ തോതില്‍ ലാഭം നേടി. ഈ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ അവസാനം വരെയുള്ള പതിനൊന്നു മാസക്കാലത്ത് സൗദി ബാങ്കുകളുടെ ലാഭം 14 ശതമാനം വര്‍ധിച്ച് 8,030 കോടി റിയാലായി.
ഈ വര്‍ഷം 11 മാസത്തിനിടെ ബാങ്കുകള്‍ കൈവരിച്ച ലാഭം സര്‍വകാല റെക്കോര്‍ഡ് ആണ്. ജനുവരിയില്‍ 700, ഫെബ്രുവരിയില്‍ 680, മാര്‍ച്ചില്‍ 690, ഏപ്രിലില്‍ 670, മേയില്‍ 730, ജൂണില്‍ 760, ജൂലൈയില്‍ 780, ഓഗസ്റ്റില്‍ 750, സെപ്റ്റംബറില്‍ 780, ഒക്‌ടോബറില്‍ 770, നവംബറില്‍ 700ഉം കോടി റിയാലാണ് സൗദി ബാങ്കുകള്‍ നേടിയ ലാഭം.