റിയാദ്. സൗദി അറേബ്യയിലെ മുന്‍നിര ബിസിനസ് റ്റു ബിസിനസ് (ബി.റ്റു.ബി) ഇ-കൊമേഴ്‌സ് മാര്‍ക്കറ്റ്‌പ്ലേസായ സാരിയും ബംഗ്ലദേശിലെ ഏറ്റവും വലിയ ബി.റ്റു.ബി ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷോപ്പപ്പും ലയിച്ച് സില്‍ക്ക് ഗ്രൂപ്പ് എന്ന പുതിയ കമ്പനിക്ക് രൂപം നല്‍കി. ഗള്‍ഫ് രാജ്യങ്ങളിലും വളരുന്ന ഏഷ്യന്‍ മേഖലയിലുമുടനീളം എഫ്എംസിജി രംഗത്തെ ഏറ്റവും വലിയ ബി.റ്റു.ബി പ്ലാറ്റ്‌ഫോമായിരിക്കും സില്‍ക്ക്. സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സനാബില്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സും വാലര്‍ വെന്‍ചേഴ്‌സും 11 കോടി ഡോളറാണ് സില്‍ക്കില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഓഹരി നിക്ഷേപവും സില്‍ക്ക് ഗ്രൂപ്പ് പുതുതായി തുടങ്ങിയ സില്‍ക്ക് ഫിനാന്‍ഷ്യല്‍ എന്ന ധനകാര്യ സേവന കമ്പനിക്കുള്ള സാമ്പത്തിക പിന്തുണയുമായാണ് ഈ നിക്ഷേപം. അതേസമയം സാരിയും ഷോപ്പപ്പും ഇതേ ബ്രാന്‍ഡ് നാമത്തില്‍ തന്നെ സില്‍ക്കിന്റെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതികവിദ്യ പിന്തുണയും പ്രയോജനപ്പെടുത്തി അവരുടെ നിലവിലെ വിപണികളില്‍ പ്രവര്‍ത്തനം തുടരും.
രണ്ട് കമ്പനികളും ചേര്‍ന്ന് ആറ് ലക്ഷത്തിലേറെ ഇടത്തരം, ചെറുകിട ബിസിനസ് സംരഭങ്ങള്‍ക്ക് സേവനം നല്‍കി വരുന്നു. ഹോട്ടലുകള്‍, റെസ്ട്രന്റുകള്‍, കഫേകള്‍, റീട്ടെയില്‍ ഷോപ്പുകള്‍, മൊത്തവിതരണക്കാര്‍ തുടങ്ങിയവയ്ക്കാണ് സേവനം നല്‍കുന്നത്. ഇതുവരെ 1800 കോടി റിയാലിന്റെ ചരക്കുകള്‍ കൈകാര്യം ചെയ്തു. 280 കോടി റിയാലിന്റെ ഇടപാടുകളും ഒരു കോടിയിലേറെ ഷിപ്പ്‌മെന്റുകളും കമ്പനി നടത്തിയിട്ടുണ്ട്.
ഈ ലയനത്തോടെ ലോകത്തെ ഏറ്റവും വലിയ വ്യാപാര ഇടനാഴിയില്‍ സാന്നിധ്യം അറിയിക്കാന്‍ കമ്പനിക്കു കഴിയുമെന്ന് സില്‍ക്ക് ഗ്രൂപ്പ് സിഇഒ അഫിഫ് സമാന്‍ പറഞ്ഞു.